കുട്ടിനിക്കറും വള്ളിബനിയനുമിട്ടു സ്കൂട്ടറുകളിച്ചു നടന്നിരുന്ന പ്രായം. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ അയല്‍വക്കത്തുള്ള ഏതൊരു കൊച്ചിന്റേം കയ്യും പിടിച്ചു തുള്ളിച്ചാടി നടന്നിരുന്ന പ്രായം. മഴക്കാലത്തു നിറഞ്ഞു കവിയുന്ന പൊട്ടച്ചാലില്‍ മില്‍മാ കവറും കൊണ്ട് മീനിനെ പിടിയ്ക്കാന്‍ പോയിരുന്ന പ്രായം. പത്തല്‍ക്കമ്പുകൊണ്ട് കളിവീടുണ്ടാക്കി, അതിനു മുറ്റത്തിരുന്നു ഈസ്റ്റിടാതെ പൊന്തിച്ച മണ്ണപ്പം ചുട്ടു കളിച്ചിരുന്ന പ്രായം. ജോലികഴിഞ്ഞു വൈകുന്നേരം വിട്ടുസാധനങ്ങളും വാങ്ങി സൈക്കിളും ചവുട്ടി ക്ഷീണിച്ചുവരുന്ന അപ്പനെ കണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിരുന്ന പ്രായം. ഇടിമിന്നിത്തകര്‍ത്തു പെയ്യുന്ന കര്‍ക്കിടകരാവുകളില്‍ അപ്പനേം അമ്മയേം കെട്ടിപ്പിടിച്ച് അവരുടെ നടുക്കു കിടക്കുന്നതാണു സ്വര്‍ഗ്ഗത്തേക്കാള്‍ സുരക്ഷിതം എന്നറിഞ്ഞിരുന്ന പ്രായം. ഈ നിഷ്ക്കളങ്കതകള്‍ക്കിടയിലും, മുഖം നോക്കാതെ പ്രതികരിയ്ക്കാനൊരു തന്റേടമുണ്ടായിരുന്ന പ്രായം - ആറാം വയസ്സ് - ആലപ്പുഴ ബസ്‌സ്റ്റാന്റിനടുത്തുള്ള ‘മാതാ’ സ്കൂളില്‍, ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രായം ! ചട്ടമ്പി പ്രായം !!
സ്കൂളിന്റെ ഹെഡ്‌മിസ്ട്രസ്സാണു സിസ്റ്റര്‍ ഫെലിക്സ്; രണ്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിയ്ക്കുന്നതു ഷീബാ മിസ്സും. ഇവരാണു കഥയിലെ മറ്റു താരങ്ങള്‍. വേറേ രണ്ടു മൂന്ന് കാന്താരിവിത്തുകള്‍ കൂടെ ഉണ്ട്, പക്ഷേ ലവന്മാരുടെ പേര് ഓര്‍ക്കുന്നില്ല.