[മന്‍ജിത്തിന്റെ “പാട്ടിന്റെ വഴികള്‍ ” എന്ന ഓര്‍മ്മക്കുറിപ്പ് പ്രചോദനം]
എന്റെ ഒടപ്പിറന്നോള്‍ - അഞ്ചു കൊല്ലത്തിനിളയവള്‍ - മൂന്നാം ക്ലാസ്സില്‍ വാണിരുന്ന കാലം. ഒരു ദിവസം “പൈതലിന് ഭാവം മാറി, വദനാംബുജം വാടി, കൈതവം കാണാക്കണ്ണ് കണ്ണുനീര് തടാകമായ്” എന്നു കവി പാടിയ മട്ടില്‍ താടിയ്ക്കു കയ്യും കൊടുത്ത് ഒരു ടെക്സ്റ്റ്ബുക്കിന്റെ മുന്നില്‍ കുത്തിയിരിയ്ക്കുന്ന അവള് ജേഷ്ഠഭ്രാതാശ്രീയായ എന്റെ കണ്ണില്‍ പെട്ടു.
“എന്താണു മകളേ, പ്രശ്നം?” എട്ടാം ക്ലാസ്സുകാരന് ചോദിച്ചു.
“ങ്ഹും” പൈതല്‍ ചിണുങ്ങി
“എന്താണേലും പറയൂ... പരിഹാരമുണ്ടാക്കിക്കളയാം”