Tuesday, December 5, 2006

ഗുരുജീ, ഒരു വാക്ക്

[മന്‍‌ജിത്തിന്റെ “പാട്ടിന്റെ വഴികള്‍ ” എന്ന ഓര്‍മ്മക്കുറിപ്പ് പ്രചോദനം]

എന്റെ ഒടപ്പിറന്നോള്‍ - അഞ്ചു കൊല്ലത്തിനിളയവള്‍ - മൂന്നാം ക്ലാസ്സില്‍ വാണിരുന്ന കാലം. ഒരു ദിവസം “പൈതലിന്‍ ഭാവം മാറി, വദനാം‌ബുജം വാടി, കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ തടാകമായ്” എന്നു കവി പാടിയ മട്ടില് താടിയ്ക്കു കയ്യും കൊടുത്ത് ഒരു ടെക്സ്റ്റ്ബുക്കിന്റെ മുന്നില്‍ കുത്തിയിരിയ്ക്കുന്ന അവള്‍ ജേഷ്ഠഭ്രാതാശ്രീയായ എന്റെ കണ്ണില്‍ പെട്ടു.

“എന്താണു മകളേ, പ്രശ്നം?” എട്ടാം ക്ലാസ്സുകാരന്‍ ചോദിച്ചു.

“ങ്ഹും” പൈതല്‍ ചിണുങ്ങി

“എന്താണേലും പറയൂ... പരിഹാരമുണ്ടാക്കിക്കളയാം”

“എനിയ്ക്കിതു വായിച്ചിട്ടു മനസ്സിലാവുന്നില്ല... നാളെ ടെസ്റ്റ്പേപ്പറുണ്ട്... ഞാന്‍ പൊട്ടും” ബാലിക അശ്രുബിന്ദുക്കള്‍ പൊഴിച്ചു.

“അത്രേയൊള്ളോ... ഞാന്‍ ഒന്നു നോക്കട്ടെ”

ഞാന്‍ ആ സാമൂഹ്യപാഠം പുസ്തകം കയ്യിലെടുത്തു... വായിച്ചു, അവള്‍ക്കു പറഞ്ഞും കൊടുത്തു... അവസാനം അവളോതി “അച്ചാച്ചന്‍ പറഞ്ഞു തന്നപ്പം മനസ്സിലായി” പൈതലിനു ബഹു സന്തോഷം!

പിന്നീട് എത്രയോ തവണ ഞാന്‍ അവള്‍ക്കു പാഠം ചൊല്ലിക്കൊടുത്തിരിയ്ക്കുന്നു... പക്ഷേ, ആ ദിവസം മുതല്‍, എനിയ്ക്കു തോന്നിത്തുടങ്ങി, മനസ്സിലാകുന്ന രീതിയില്‍ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാനും പറഞ്ഞുകൊടുക്കുവാനുള്ള ഒരു വാസന എന്നിലുണ്ട് എന്ന്. കാലക്രമേണ, അത് അധ്യാപനത്തിലേയ്ക്കുള്ള ഒരു ജീവിതവിളിയാണോ എന്നും തോന്നിത്തുടങ്ങി. “എടാ, ഇതൊന്നു പറഞ്ഞു തന്നേ” എന്ന് സഹപാഠികളും തുടങ്ങി.

അങ്ങനെ ഇരുന്നിരുന്ന് പഠിപ്പിയ്ക്കാനുള്ള ആഗ്രഹം മൂത്ത്, തത്തം‌പള്ളി ഇടവകയുടെ സണ്‍‌ഡേ-സ്കൂളില്‍, പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഒരു പത്തുദിവസം ഞാന്‍ സബ്‌സ്റ്റിറ്റ്യൂട്ട് ടീച്ചറായി ജോലിനോക്കി (‘സീറോ-മലബാര്‍‘ അച്ചായന്മാര്‍ക്ക് വേനലവധിക്കാലത്ത് ‘ഇന്റന്‍സീവ് കോഴ്സ്‘ എന്ന ഒരു പത്തു ദിവസത്തെ തീവ്രപഠനപരിപാടിയുണ്ട് - - അതിന്റെ അവസാനമാണ്‍ ഓരോ ക്ലാസിന്റെയും വാര്‍ഷികപ്പരീക്ഷ നടത്തുക - മിക്ക ടീച്ചറുമ്മാര്‍ക്കും ഇടദിവസങ്ങളില്‍ അവരവരുടെ ജോലിയുള്ളതിനാല്‍, ഈ പത്തു ദിവസം സബ്‌സ്റ്റിട്ട്യൂട്ട് ടീച്ചറുമ്മാരുടെയും വോളന്റിയര്‍‌മാരുടെയും സഹായം അത്യാവശ്യം) - ആ പത്തു ദിവസം എനക്ക് റൊമ്പ പ്രമാദമായി തന്നെ പുടിച്ചു. എന്തിനേറെ പറയുന്നൂ, ഉപരിപഠനം (11-ഉം, 12-ഉം) വേണ്ടാ എന്നു ഉറപ്പിച്ച് ഞാന്‍ വികാരിയച്ചനോടും ഹെഡ്‌മാഷോടും എന്റെ ആഗ്രഹം അറിയിച്ചു - ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ - പഠിപ്പിക്കാനുള്ള വാസന ശരിയ്ക്കും ഉണ്ടെങ്കില്‍ അതു തന്നെയായിക്കളയാം ജീവിത ലക്ഷ്യവും!

അന്നു തുടങ്ങിയ സണ്‍‌ഡേ-സ്കൂള്‍ അധ്യാപനം ഞാന്‍ ഏകദേശം 5 കൊല്ലം തുടര്‍ന്നു - റെഗുലര്‍ പഠനം സമാന്തരമായി നടന്നിരുന്നതിനാല്‍ അതിന്റെ ആവശ്യങ്ങള്‍ കൂടെ കണക്കിലെടുത്ത് ചില കാലഘട്ടങ്ങളില്‍ ക്ലാസ്‌ടീച്ചറായും, ചിലപ്പോള്‍ സബ്‌സ്റ്റിട്ട്യൂട്ട് ആയും മാറി മാറി സേവനമനുഷ്ഠിച്ചു. ഇതിനിടയ്ക്ക് പതിനൊന്നില്‍ പഠിച്ചിരുന്നപ്പോള്‍, ആറാം ക്ലാസ്സു മുതലുള്ള ഒരാഗ്രഹം പൂവണിയിയ്ക്കാന്‍ കോട്ടയത്തെ കുറിച്ചി മൈനര്‍ സെമിനാരിയുടെ വാതിലില്‍ മുട്ടുകയും ചെയ്തു - വൈദികനാവാന്‍ - പക്ഷേ നനഞ്ഞ പടക്കം പോലെ അതങ്ങ് ചീറ്റിപ്പോയി - അഭിമുഖ സംഭാഷണം കഴിഞ്ഞപ്പോള്‍ തന്നെ കൌണ്‍സിലിംഗ് നടത്തിയ അച്ചന്‍ പറഞ്ഞു “ഒന്നു കൂടി ഇരുത്തി ചിന്തിയ്ക്കുക, ആത്മശോധന ചെയ്യുക, പതിനൊന്നിലല്ലേ ഇപ്പോ..? എന്തായാലും പ്ലസ് റ്റൂ പഠനം ഇപ്പോ മുടക്കണ്ട, ഈ കൊല്ലവും, അടുത്ത കൊല്ലവും ആലോചിയ്ക്കുക, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി പ്രാര്‍ത്ഥിയ്ക്കുക. പന്ത്രണ്ടു കഴിയുമ്പോള്‍ ആഗ്രഹം ശക്തമായിത്തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ ഇങ്ങു പോന്നോളൂ, നമ്മുക്കു നോക്കാം” അതോടു കൂടി ആ പടിയിറങ്ങി. പിന്നെ എപ്പോഴോ തോന്നിത്തുടങ്ങി, അതല്ല ഒരു പക്ഷേ എന്റെ ജീവിതോദ്ദേശം എന്ന്. എന്തായാലും അധ്യാപനം തുടര്‍ന്നു. അച്ചനാകാന്‍ പറ്റിയില്ലെങ്കിലെന്താ, ആ വെള്ള ളോഹ ഒന്നു വെട്ടിത്തയിച്ച് ‘കോട്ട്’ ആക്കി ഡോക്ടറായിക്കളയാം എന്നു തീരുമാനിച്ചു. (മാനവസേവനവും വെള്ളക്കുപ്പായവും തമ്മില്‍ എനി ബന്ധം..?) പക്ഷേ, നമ്മടെ ഒരു ഒഴപ്പിന്റെയും മടിയുടെയും ലവലുകള്‍ വച്ച് ഡോക്ടറു പോയിട്ട് ഒരു പേഷ്യന്റു പോലും ആവാനുള്ള സ്‌കോപ്പില്ലായിരുന്നു!

നുറുങ്ങു കഥകളും, ഉപമകളും, ഡെമോണ്‍‌സ്‌ട്രേഷന്‍സും, തമാശകളും ഒക്കെ വിതറിയ, തനതായ ഒരു ശൈലിയിലുള്ള ക്ലാസ്സുകള്‍ നന്നായി വരുന്നുമുണ്ടെന്ന് ഹെഡ്‌മാസ്റ്റര്‍ ഫീഡ്‌ബായ്ക്ക് തന്നു. സന്തോഷമായി. ബാക്കിയുള്ള മുതിര്‍ന്ന മാഷുമാര്‍ കുറവുകള്‍ ചൂണ്ടിക്കാട്ടി തന്നു, നന്നാക്കാനുള്ള ഉപദേശങ്ങളും തന്നു. ഇതിനിടയ്ക്ക് ബി.ടെക്ക്-നു പ്രവേശനം കിട്ടി. ആ പഠനത്തിനിടയ്ക്ക് സാ‍ധാരണയായുള്ള പ്രസന്റേഷനുകളും വിദ്യാര്‍ത്ഥികള്‍ തന്നെ എടുക്കേണ്ട ക്ലാസ്സുകളും ഒക്കെ ഭംഗിയായി തന്നെ നടന്നു. ഇതൊക്കെ ആത്മവിശ്വാസവും കൂട്ടി... വീണ്ടും ശക്തമായി തന്നെ തോന്നിത്തുടങ്ങി അധ്യാപനം എന്റെ ജീവിതവിളിയെന്ന്. അടുത്ത സ്വപ്നവും തലയില്‍ കയറി - ബി.ടെക്ക് കഴിഞ്ഞ് എം.ടെക്കും ചെയ്ത് പറ്റിയാല്‍ ഒരു പി.എച്ച്.ഡി. യുമെടുത്ത് ഒരു പ്രഫസറാകണം. (സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ.. നിങ്ങള്‍ സ്വര്‍ഗ്ഗകുമാ.....)

ബി.ടെക്ക് ഇലക്‍ട്രോണിക്സ് പഠനത്തിനിടയ്ക്കു തന്നെ, ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയട്ടേ, ഇന്‍ഫോസിസില്‍ ക്യാമ്പസ് സെലക്ഷന്‍ കിട്ടി (കിട്ടിയതു ഇലക്‍ട്രോണിക്സ് ജോലി അല്ല, ഐ.ടി. ആയിരുന്നു.. പക്ഷേ അതു തന്നെ എത്ര നേര്‍ച്ച നേര്‍ന്നിട്ടാണെന്നൊരു പിടിയുമില്ല). എന്നാപ്പിന്നെ ഒരു കൊല്ലം ജോലി ചെയ്തിട്ടാവാം ഉപരിപഠനം എന്നായി ചിന്ത. പക്ഷേ, ജോലിയ്ക്കു കേറുന്നതിനു തലേ മാസം, രണ്ടു വിമാനങ്ങള്‍ ഓരോ കെട്ടിടങ്ങളിന്മേല്‍ ഇടിച്ചു കേറീ സെപ്റ്റംബര്‍ പതിനൊന്നിന്‍. അതോടു കൂടെ, മറ്റു ലക്ഷക്കണക്കിനു തൊഴിലാര്‍ത്ഥികളെ പോലെ, എന്റെ ജോലിയും കയ്യാലപ്പുറത്തെ തേങ്ങാ പോലെയായി. എന്തായാലും, ആ അപ്പോയിന്റ്മെന്റ് നീട്ടിവയ്ക്കപ്പെട്ടു. ആ ഗ്യാപ്പില് എം.ടെക്കിനായി തയ്യാറെടുത്തുകൊണ്ട് അടുത്ത തൊഴിലിനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് പ്രൊഫഷണല്‍ അധ്യാപനത്തില്‍ ഒന്ന് കൈവച്ചാലോ എന്നു ചിന്തിച്ചു തുടങ്ങിയത്. മടിച്ചു നിന്നില്ല... കേരളത്തിലാണെങ്കില്‍ സാങ്കേതിക കലാലയങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന കാലം - 2001 - തൊടുത്തു വിട്ടൂ കുറേ ആപ്പ്ലിക്കേഷന്‍ ശരങ്ങള്‍. ആദ്യം വിളി വന്നത് സ്വന്തം കോളേജീന്നു തന്നെ - അടൂര് - ഇന്റര്‍വ്യൂ കൊടുത്തു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വളരെ പ്രതീക്ഷയോടെ തന്നെ അടൂര് പഠിപ്പിയ്ക്കാന്‍ ആരംഭിച്ചു. കൂടെ ഗേറ്റ് പരീക്ഷയ്ക്കു തയ്യാറെടുപ്പും. വളരെ നല്ല അനുഭവമായിരുന്നു അവിടെ. പുതിയ കുറേ അധ്യാപന രീതികളും പരീക്ഷിച്ചു - ചിലതു വിജയിച്ചു, ചിലതു ചീറ്റിപ്പോയി. അധ്യാപനത്തിലെ സൈക്കോളജി വിഷയങ്ങളും വായിച്ചു തുടങ്ങി. പക്ഷേ, ഒന്നു ഫോമായി വന്നപ്പോള്‍ ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിന്റെ കാലാവധി കഴിഞ്ഞു - ലീവിനു പോയ മാഷു തിരിച്ചു വന്നു. തിരിച്ച് ആലപ്പുഴയ്ക്കു വണ്ടി കേറുന്നതിനു മുന്‍പ് ഞാന്‍ പിള്ളേരെല്ലാരോടും ഫീഡ്‌ബായ്ക്ക് ക്ഷണിച്ചു. എല്ലാരും തന്നെ അവരുടെ അഭിപ്രായങ്ങള്‍ പേരെഴുതാത്ത വെള്ളക്കടലാസിലെഴുതി തന്നു. (അത് ഇന്നും എന്റെ പെട്ടിയിലുണ്ട് - ഇടയ്ക്ക് വായിയ്ക്കാറുമുണ്ട്.)

അടൂരൂന്നു പോയ ശേഷം ഒരു പെര്‍മനന്റ് പോസ്റ്റ് കിട്ടി പുതിയൊരു കോളേജില്‍, പക്ഷേ, ആ പ്രായത്തില്‍ തുടര്‍ന്നു പഠിയ്ക്കാതെ അധ്യാപനം തുടര്‍ന്നാല്‍ ലക്ഷ്യത്തെ ബാധിയ്ക്കുമെന്നു തോന്നിത്തുടങ്ങി. പക്ഷേ, അങ്ങനെയിരിയ്‌ക്കേ ഒരു നട്ടുച്ചയ്ക്ക് വീട്ടില്‍ പോസ്റ്റുമാന്‍ വന്നപ്പോഴാണ് ജീവിതത്തിന്റെ വണ്ടി സ്റ്റിയറിംഗ് വളച്ചത് - ഇന്‍ഫോസിസ് വിളിച്ചിരിയ്ക്കുന്നു! ഒരു വശത്ത് മനോഹരമായ ടാറിട്ട റോഡ്, മറുവശത്ത് അടുത്ത നൂറു കിലോമീറ്റര്‍ ‘കച്ചാ’ റോഡ്. കുറേ നാളായിട്ട് ഒരു ശരിയായ ജോലിയില്ലാത്തതിന്റെ മാനസിക വ്യഥ, പിന്നെ സ്ഥായിയായ “മടി” എന്ന വികാരം . ഇതൊക്കെക്കൂടെ കൂടിച്ചേര്‍ന്നപ്പോള്‍ ഏതൊരു ശരാശരി മനുഷ്യനേപ്പോലെ ഞാനും പ്രലോഭിയ്ക്കപ്പെട്ടു... കൂടുതല്‍ ചിന്തിയ്ക്കാനൊന്നും നിന്നില്ല. കെട്ടും ഭാണ്ഡവും മുറുക്കി ഇന്‍ഫോസിസിലേയ്ക്കു വണ്ടി കയറി.

അവിടെ ജീവിതം പൊടിപൊടിയ്ക്കുമ്പോഴാണ് വീണ്ടും അധ്യാപിയ്ക്കാന്‍ തോന്നിത്തുടങ്ങിയത്. ഈ ജാത്യാലുള്ളതു തൂത്താപ്പോകൂല്ല എന്നൊക്കെ പറയില്ലേ..? അതു പോലെ. അങ്ങനെ അവിടുത്തെ വിദ്യാഭ്യാസ-ഗവേഷണ വിഭാഗവുമായി സംഭാഷിച്ചു, അവരെനിയ്ക്ക് ഒരു സാങ്കേതിക ക്ലാസ്സെടുക്കാനുള്ള അവസരവും തന്നു ചെന്നൈയില്‍. എടുത്തു - അത് അധ്യാപനത്തിലെ മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമായി, ക്ലാസ്സ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടതിനാല്‍ ഞാന്‍ വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ ‘ഇവാഞ്ചലിസ്റ്റ്’ ആയി. ആഴ്ചദിവസങ്ങളില്‍ വയറു നിറയ്ക്കാന്‍ പ്രോജക്ടിലെ ജോലിയും, വാരാന്ത്യങ്ങളില്‍ മനസ്സു നിറയ്ക്കാന്‍ വാദ്ധ്യാരുപണിയും. മാഷായിട്ട് ചെന്നൈയിലെയും ബാംഗ്ലൂരിലെയും സെന്ററുകളിലും, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം കിടക്കുന്ന സാങ്കേതിക കലാലയങ്ങളിലും കയറിയിറങ്ങി - ഹൃദയം നിറഞ്ഞുതുളുമ്പി കുപ്പായങ്ങളാകെ നനഞ്ഞു - വേണ്ടതെല്ലാം കിട്ടിയ ഒരു പ്രതീതി!

പിന്നെ ഇങ്ങു സായിപ്പിന്റെ നാട്ടില്‍ പോന്നു... ‘ബ്‌ടെ തല്‍ക്കാലം കഴിഞ്ഞ രണ്ടരക്കൊല്ലമായി വാദ്ധ്യാരു കളിയ്ക്കാന്‍ ഒരിടവും കിട്ടാതെ ചോറീം കുത്തി ഇരിയ്ക്കുന്നു!

കണക്കുകൂട്ടലുകള്‍ ഇപ്പോഴും ഉണ്ട്... സമയമിനിയും അത്രയ്ക്കങ്ങട്ട് വൈകിയിട്ടില്യാ... ഇതൊക്കെ നിര്‍ത്തി, വേണമെങ്കില്‍ വാദ്ധ്യാരാകാം... ഇത്തിരി കഷ്ടപ്പെടണമെന്നേയുള്ളൂ... മനസ്സിനു ശരിയ്ക്കും സംതൃപ്തി നല്‍കുന്ന ജോലി തന്നെ ചെയ്യാം...
പക്ഷേ... വേണോ..?
ഓ... അതൊക്കെ വല്യ ബുദ്ധിമുട്ടാന്നേ...
ഒന്നൂടെ ചിന്തിച്ചൂടേ..?
ങേ..? ഓ...
ആങ്.. ഒന്നു നോക്കൂന്നേ...
ഓ... എന്തിനാന്നേ..
എന്നാലും..?
ഓ... എനിയ്ക്ക് ഉറക്കം വരുന്നു !
ങും... കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ !
ഓ !

14 comments:

 1. റ്റെഡിച്ചായന്‍December 5, 2006 at 8:08 PM

  ചങ്ങാതിമാരേ, ഒരു കൊച്ചുവര്‍ത്താനം :-)

  ReplyDelete
 2. അദ്ധ്യാപകനാകുക ഒരു വിളിയാണെന്നുള്ളതു കേട്ടപ്പോള്‍ ഒരു താല്പര്യം തോന്നി. ഒരദ്ധ്യാപികയായതു കൊണ്ടായിരിയ്ക്കാം. വിളിയുള്ള അദ്ധ്യാപരെ കിട്ടാനില്ലാത്ത കാലമാ.

  ReplyDelete
 3. അച്ചായാ..മനസ്സ് നല്ലതാകുന്നവരേയേ അധ്യാപകനാവാന്‍ ദൈവം വിളിയ്ക്കൂ :)
  ഇടയ്ക്ക് വായിയ്ക്കാന്‍ തോന്നുന്ന വെള്ളക്കടലാസുകള്‍ അതിനൊരു തെളിവാണ്.
  ഒന്നും നിര്‍ത്താതെ തന്നെ വാധ്യാരാകാനുള്ള വഴി പുള്ളി കൊണ്ടത്തരുമെന്ന് എനിയ്ക്ക് തോന്നുന്നു..നോക്കാം ല്ലേ:)
  നന്നായി..
  അദ്ധ്യാപകനാവാന്‍ വേണ്ടിത്തന്നെ ജനിച്ച എന്റെ അപ്പൂപ്പനെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ..ആ വ്യക്തിത്വം നേരിട്ട് കണ്ടോണ്ടറിയാം..എല്ലാര്‍ക്കും കിട്ടണ വിളിയല്ലിത്

  ReplyDelete
 4. ഒരു അധ്യാപകനാവാന്‍ നടക്കുന്ന ഒരു ലുക്ക് ഉണ്ട് കേട്ടോ :)

  ആഗ്രഹങ്ങള്‍ ഒക്കെ നടക്കട്ടെ... പിന്നെ ഒരു വഴിക്കിറങ്ങിയതല്ലേ, ഇതും കൂടെ ഇരിക്കട്ടെ.
  Do what you wanna do
  Be what you wanna be

  ReplyDelete
 5. സുകുമാരപുത്രന്‍December 6, 2006 at 4:27 AM

  റ്റെഡിച്ചായൊ! എന്നാ പറയാനാ ഇത്തിരി ലേറ്റായിട്ടാണോ അച്ചായന്റെ ബ്ലോഗിലെത്തിയതെന്നൊരു സംശയം.... നിമിത്തം എനിക്കുള്ള അച്ചായന്റെ കമന്റ് തന്നെ...
  അദ്ധ്യാപകന്‍(ഈശ്വരാ ദ്ധ്യ ഇതു തന്നല്ലേ അതോ ധ്യ യോ!) ആവുക എന്നു പറഞ്ഞാന്‍ അതൊരു അനുഗ്രഹമാണ്.. കുറച്ചു കാലം പഠിപ്പിച്ചതിന്റെ കണക്കു വച്ചു നോക്കുമ്പോ എനിക്കും ഏറ്റവുമിഷ്ടം അതു തന്നെ... പക്ഷേ കൂടെ പഠിച്ചവരെല്ലാം വേറെ പണിക്കു പോയപ്പോള്‍ നമ്മള്‍ക്കു റേഷന്‍ മേടിക്കാന്‍ പോലും തികയാത്തെ ശമ്പളം...
  അവസാനം പ്രലോഭനങ്ങളില്‍ മയങ്ങി ഞാനും ആ പണിയങ്ങു നിര്‍ത്തി...
  എങ്കിലും ആ പണി തന്ന സംതൃപ്തി അത് മറ്റൊന്നിനും തരാന്‍ കഴിയില്ല എന്ന് എനിക്കിപ്പോഴും എപ്പോഴും മനസിലാകുന്നു...
  ഇനിയുമൊരവസരം കിട്ടിയാല്‍ നോക്കാല്ലേ?

  ReplyDelete
 6. മാഷെ,ഗുരു ദേവോ ഭവ!

  ReplyDelete
 7. അദ്ധ്യാപകന്‍ ആവുന്നതാണ് നല്ലത്. പറ്റുമെങ്കില്‍. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും ഉപകാരപ്രദമായ സമ്മാനം അറിവാണ്. :)

  ReplyDelete
 8. കൊച്ചുഗുപ്തന്‍December 6, 2006 at 8:57 AM

  എഴുത്തിലെ ജിജ്ഞാസ ഉളവാക്കുന്ന ഒഴുക്ക്‌ നന്നായിട്ടുണ്ട്‌ അച്ചായാ...

  അദ്ധ്യാപനത്തിന്‌ അതിന്റേതായ ഒരു ഗമയുണ്ട്‌ എന്നു സമ്മതിച്ചേ തീരൂ...താങ്കളുടെ അഭിരുചിയ്ക്കും അഭിവാഞ്ചയ്ക്കും നമോവാകം....

  ReplyDelete
 9. സുല്‍ | zeroPointDecember 6, 2006 at 9:11 AM

  ഗുരുവായി വാ...

  -സുല്‍

  ReplyDelete
 10. ഈശ്വരാ! ചുമ്മാതല്ലാ ആ കൊല്ലം പഠിച്ച കത്തോലിക്കാപിള്ളേരൊക്കെ തലതിരിഞ്ഞു പോയതു. ഇപ്പോശല്ലേ മനസ്സിലായേ ആരാണ് വേദപാഠം പഠിപ്പിച്ചേ എന്ന്.. അമ്പടാ! :)

  ReplyDelete
 11. അദ്ധ്യാപകനാകുക എന്നത് ഒരു ഭാഗ്യമല്ലേ? ആത്മാര്‍ഥതയുള്ള അദ്ധ്യാപകരെ കിട്ടാനില്ലാത്ത ഈ കാലത്ത്..നല്ല പോസ്റ്റ്.

  ReplyDelete
 12. വല്യമ്മായിDecember 6, 2006 at 3:32 PM

  ഞാനും കുറച്ചു നാള്‍ ഈ കുപ്പായമിട്ടിരുന്നതാ,ഇവിറ്റെ എവിടെ പോയാലും കാണും മാഡം എന്നു വിളിച്ച് ആരെങ്കിലുമൊക്കെ പുറകില്‍

  ReplyDelete
 13. Idakke angane oru vili enikkum undayirunu. I am proud of you for that matter.

  ReplyDelete
 14. എന്നില്‍ പൊടിപിടിച്ച് കിടന്ന ഒരാഗ്രഹം ആണ് അദ്ധ്യാപനം. അതിനെ പൊടി തട്ടി മനസ്സില്‍ നിറച്ചതിന് നന്ദി.

  കര്‍ത്താവേ ഞാന്‍ എങനെ ബി. എഡ് പാസ്സ് ആവുമോ എന്തോ!

  ReplyDelete