Wednesday, November 29, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 3 : ഭാര്‍‌ഗ്ഗവീമൈതാനം

“ലോഡ്‌ഷെഡ്ഡിങ്ങ്”!!!
ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ ഫാസ്റ്റ്പാസഞ്ചറു പോലെ വന്നും പോയും വന്നും പോയും ഇരിയ്ക്കുന്ന, “കറണ്ടു കട്ട്” എന്നു ‘പച്ച മലയാളത്തില്’ വിളിയ്ക്കപ്പെടുന്ന, ഒരു പക്ഷേ, ഓണത്തേക്കാള് കെങ്കേമമായി ജന്തു-ജാതി-മത-വര്‍‌ഗ്ഗ-വര്‍‌ണ്ണ-ലിംഗ-പ്രായഭേദമന്യേ എല്ലാ ജീവജാലങ്ങളും ആഘോഷിയ്ക്കുന്ന, കേരളത്തിന്റെ ദേശീയോത്സവം.!!!

പൂച്ചകള്‍ക്കു പാലു കട്ടു കുടിയ്ക്കാനുള്ള വേദിയും, ശ്വാനന്‍‌മാര്‍ക്കു തൊള്ള തുറന്ന് ഓലിയിടാനുള്ള അവസരവും, വവ്വാലുകള്‍ക്ക് കറണ്ടടിയ്ക്കുമെന്ന പേടിയില്ലാതെ സര്‍‌വ്വീസ് ലൈനില് ഞാന്നു കിടന്നു ലൈനടിയ്ക്കാനുള്ള വേദിയും ഒരുക്കിക്കൊടുക്കുന്ന ജീവകാരുണ്യ പ്രവൃത്തി! കത്തിയടിയ്ക്കാന്‍ കാര്‍ന്നോന്‍‌മാര്‍ക്കും, കുശുമ്പുകുത്താന്‍ ചേടിത്തിമാര്‍‌ക്കും, അടിയുണ്ടാക്കാന്‍ പിള്ളേര്‍ക്കും, ആരും കാണാതെ ഒരു ബീഡിപുകയ്ക്കാന്‍ പൊടിമീശപ്പയ്യന്‍‌‌സിനും അവസരമൊരുക്കിക്കൊടുക്കുന്ന, ചിലപ്പോള്‍ ഗന്ധര്‍വനും, യക്ഷിയും, കുട്ടിച്ചാത്തനും വരെ ഇറങ്ങുന്ന അദ്ഭുത വേള!!!

അത്തരമൊരു അന്ധകാരയാമത്തിലാണ് ഈ സംഭവ കഥയുടെ അരങ്ങേറ്റം! ക്ലോക്കിലെ സൂചികള് പിറകോട്ടു തിരിയട്ടെ… സ്‌പൈറല്‍ രേഖകളുള്ള ഒരു ചക്രം സ്പീഡില് കറങ്ങട്ടെ… “ട്വാവ് ട്വാവ്” എന്ന് പശ്ചാത്തല സംഗീതം കേള്‍ക്കട്ടെ... കാലം പിറകോട്ടു പോകട്ടെ…!

1997 ജൂണ് മാസം - വയസ്സന്നു പതിനേഴ്! പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ്, എന്റ്രന്‍സും എഴുതി വേറേ പണിയൊന്നുമില്ലാതെ തെക്കു വടക്കു നടക്കുന്ന സമയം. അഞ്ചടി ഏഴിഞ്ച് പൊക്കം, കനച്ചു വരുന്ന മീശ, സ്‌റ്റൈലില്‍ ചീകിയൊതുക്കിയ മുടി, 1992 മോഡല് നീല BSA SLR-ല്‍ സഞ്ചാരം; ആകെ മൊത്തം, ആലപ്പുഴ പട്ടണത്തിന്റെ യുവകോളമനായി, തത്തം‌പള്ളി ഇടവകയുടെ പിഞ്ചോമനപ്പുത്രനായി, കാഞ്ഞിരത്തിങ്കല് കിടാവായി, മുല്ലയ്ക്കല് റോഡിന്റെ അഭിമാനസ്ഥംഭനമായി, ചുള്ളനായി ചുറ്റിനടക്കുന്ന സമയം.

കറണ്ടു കട്ട് സമയത്ത് ചെയ്യാന്‍ എല്ലാവര്‍ക്കും എന്തങ്കിലും ഉള്ളതു പോലെ, എനിയ്ക്കും ഉണ്ടായിരുന്നു ഒരു അജണ്ട. ലൈറ്റണയുന്നതിനു ഇത്തിരി മുന്‍പ്, കയ്യില്‍ കിട്ടുന്ന ഷര്‍ട്ടും പാന്റും വലിച്ചു കയറ്റി, “അമ്മേ, ഞാന്‍ കരണ്ടു വരുമ്പം വരാമേ” എന്നു വിളിച്ചോതും. “ഇരുട്ടത്ത് പുറത്തുപോകേണ്ടാ എന്ന് എത്ര തവണ പറഞ്ഞാലും ഈ ചെറുക്കന്‍ കേക്കത്തില്ല” എന്ന അമ്മയുടെ മറുചൊല്ല് കേട്ടില്ല എന്ന മട്ടില്‍ പടിയിറങ്ങും. എന്നിട്ട് ഡൈനാമോയുമിട്ട്, കുന്തീപുത്രന്റെ ശരം പോലെ, അന്ധകാരം നിറഞ്ഞ, ദീപസ്ഥംഭങ്ങളണഞ്ഞ, വിജനമായ ഇടവഴികളിലൂടെ സൈക്കിളില് കുതിയ്ക്കും. എങ്ങോട്ടാണേന്നോ..? തത്തം‌പള്ളി പള്ളിയിലേയ്ക്ക് !

“എന്തിനാ ആ സമയത്ത് പള്ളീല്‍ പോകുന്നത്..? പ്രാര്‍ത്ഥിയ്ക്കാനാ..?” ആരും നിഷ്കളങ്കമായി ചോദിച്ചു പോകുന്ന ന്യായമായ ചോദ്യം.
“അല്ല”എന്നുത്തരം!
“പിന്നെന്തിനാ?”
“ഓ... അങ്ങനൊന്നുമില്ല”
സത്യത്തില്‍ ഒരു ശരിയായ വിശദീകരണം ഇല്ല ഈ പോക്കിന്… പക്ഷേ… ഏകദേശ സംഭവം ഇതാണ് - ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ തത്തം‌പള്ളി വാര്‍ഡ് - ഭൂപടം എടുത്തു നോക്കിയാല്, ആലപ്പുഴ പട്ടണത്തിന്റെ ഹൃദയത്തെ തൊട്ടു-തൊട്ടില്ല എന്ന മട്ടില്, പുന്നമടക്കായലിന്റെ തൊട്ടു കീഴെ, അറബിക്കടലിന്റെ ഇത്തിരി മേലേ, പട്ടണത്തിന്റെ മോടിയുടെയും, ഗ്രാമത്തിന്റെ വശ്യതയുടെയും അപൂര്‍വ്വ സങ്കലനം. അതേ, ദൈവത്തിന്റെ സ്വന്തം തത്തം‌പള്ളി വാര്‍ഡ്!! അവിടുത്തെ സായാഹ്നങ്ങള്‍ അവര്‍ണ്ണനീയം - പൂമണമുള്ള മന്ദമാരുതന്‍, തെളിഞ്ഞ ആകാശം, വിരിഞ്ഞു നില്‍ക്കുന്ന പതിനായിരം നക്ഷത്രപ്പൂക്കള്‍, കരപിര കൂട്ടുന്ന വൃക്ഷലതാദികള്‍, മുഴങ്ങുന്ന പള്ളിമണികളും, കാറ്റില്‍ അലിഞ്ഞെത്തുന്ന ബാങ്കു വിളിയും, അകലെ തോണ്ടന്‍‌കുളങ്ങര ക്ഷേത്രത്തില്‍ നിന്നലയടിച്ചെത്തുന്ന, അന്തരംഗത്തിലെവിടെയോ അറിയാതെ ചന്തനത്തിരിയുടെ സുഗന്ധം ഉണര്‍ത്തുന്ന, യേശുദാസിന്റെ നേര്‍ത്ത ശബ്ദവും. ഇവയെല്ലാം അവയുടെ നിറവും മണവും ഗുണവും ഒട്ടും ചോരാതെ ശുദ്ധമായി കിട്ടുന്ന ഒരു സ്ഥലവും - തത്തം‌പള്ളി സെയ്ന്റ് മൈക്കിള്‍സ് പള്ളിയുടെ മൈതാനം. എന്റെ സായാഹ്നസവാരിയുടെ ലക്ഷ്യവും അതു തന്നെ!

പള്ളിമൈതാനം ഇമ്മിണി വിശാലമാണ് - മൈതാനത്തിന്റെ വടക്കു-കിഴക്കായി പള്ളി. പള്ളിയുടെ തെക്ക് മാതാവിന്റെ ഗ്രോട്ടോയും അതിനു തെക്ക് സിമിത്തേരിയും - ഇവ മൈതാനത്തിന്റെ കിഴക്കുവശം മൊത്തം നിറഞ്ഞു നില്‍ക്കുന്നു. ഈ കിഴക്കേ ബോര്‍ഡറിലായി, ഗ്രോട്ടോയുടെ അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍ മരം തെങ്ങുംതലപ്പുകളുടെ മേലേ ശിരസ്സുയര്‍ത്തി അങ്ങനെ പ്രൌഡിയോടെ നില്‍ക്കുന്നു. മൈതാനത്തിനു തെക്കും പടിഞ്ഞാറും മതിലുണ്ട്, വടക്കുവശത്ത് ഒരു അരമതിലും - ആ അരമതിലിനപ്പുറത്താണ് CYMAയുടെ ഒരു കൊച്ച് ഓഡിറ്റോറിയം. അവിടെ അച്ചായന്മാര് വൈകുന്നേരമായാല്‍ ചീട്ടുകളിയും, ക്യാരംസും, ചെസ്സും, പത്രം വായനയും, കത്തിയടിയുമൊക്കെയായി സായാഹ്നങ്ങള്‍ സുന്ദരമാക്കാനെത്തുന്നു. കറണ്ടു പോയാല്‍ റാന്തല്‍ വിളക്ക് കത്തിച്ചു വെച്ചാണ് തുടരുക. മൈതാനത്തിന്റെ വടക്കു-പടിഞ്ഞാറേ അറ്റത്ത്, പള്ളിയ്ക്കഭിമുഖമായി കുരിശടി. ഈ കുരിശടിയുടെ പടികളിലാണ് എന്റെ സിംഹാസനം !

വീട്ടില്‍ നിന്ന് പള്ളിയിലേയ്ക്ക് ഏകദേശം നാലു കിലോമീറ്റര്‍. ബ്രേക്കു പിടിച്ചുകഴിഞ്ഞാല്, പള്ളിമേടയ്ക്കടുത്തു സൈക്കിള്‍ പൂട്ടി വെയ്ക്കും, എന്നിട്ട് മൈതാനത്തോട്ടു നടക്കും. വടക്കേ അരമതിലിനോടു ചേര്‍ന്ന് നീങ്ങി കുരിശടിയിലെത്തും - ഇതാണു പതിവ്. CYMA-ടെ തുറന്ന ജനലുകളിലൂടെ റാന്തല്‍ വിളക്കിന്റെ അരണ്ട വെളിച്ചം ചെറുതായി എത്തുന്നുണ്ടാവും. കുരിശടിയുടെ പടികളെ ഒന്ന് ഊതി വൃത്തിയാക്കിയ ശേഷം, ഭിത്തിയില്‍ ചാരി, കിഴക്ക് പള്ളിയ്ക്കഭിമുഖമായി, ഒരു ദീര്‍ഖനിശ്വാസവുമെടുത്ത് ഇരിപ്പുറപ്പിയ്ക്കും. എന്നിട്ട് പയ്യെ മേലേ പറഞ്ഞ ഗ്രാമീണ വശ്യതയിലേയ്ക്ക് ആഴ്ന്നിറങ്ങും. ഒരു അരമണിക്കൂര്‍ നീണ്ട പ്രകൃതിയുടെ സുന്ദരമായ സീരിയല്‍ - കരച്ചിലും പിഴിച്ചിലുമില്ലാത്ത, അടിയും പിടിയും ഇല്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു പാവം സീരിയല്‍ !

ഇനി, സംഭവം:
കഥയ്ക്കാധാരമായ ദിവസം, ഞാന്‍ പതിവു പോലെ കുരിശടിയിലെത്തി - ഏകദേശം 8 മണി കഴിഞ്ഞിട്ടുണ്ടാവണം. പതിയെ ഇരുന്നു, ചാരി, ദീര്‍ഖനിശ്വാസവുമെടുത്തു. ചുറ്റുപാടും നിരീക്ഷിച്ചു. എനിട്ട് കണ്ണുകളടച്ച് ആസ്വാദനത്തിലേയ്ക്കു പ്രവേശിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞു കാണും - എന്തോ ഒരു പന്തികേട് - ഒരു വ്യത്യാസം! സാധാരണ പോലത്തെ കാറ്റില്ല, അതു കൊണ്ടു തന്നെ, ഇലകളുടെ കരപിരയും ഇല്ല, അന്തരീക്ഷം ഒട്ടുതന്നെ ശബ്ദായമാനവുമല്ല. ആകെ മൊത്തം ഒരു മൂകത, ഒരു വല്ലായ്മ. പുറകിലെ റോഡിലൂടെ വല്ലപ്പോഴും പോകുന്ന സൈക്കിളുകളുടെ മണിയടിയും ഇടയ്ക്കൊരു സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ കുടുകുടുവും മാത്രമേ സത്യം പറഞ്ഞാല്‍ ശബ്ദമായുള്ളൂ - പിന്നെ, CYMA-യില്‍ നിന്നുള്ള സംഭാഷണങ്ങളുടെ നേര്‍ത്ത ശബ്ദവും. പതിവു സുഖം കിട്ടാഞ്ഞിട്ടു എനിയ്ക്കും ഒരു വല്ലായ്മ. ഒന്നു രണ്ടു തവണ തോന്നി, എഴുന്നേറ്റു തിരിച്ചു പോകാം എന്ന് - പക്ഷേ, എന്തോ… മടിപിടിച്ച് അവിടെ തന്നെ ഇരുന്നു.

സമയം ഇഴഞ്ഞു നീങ്ങി… ഏതാണ്ട് 8.20 ആയിക്കാണുമായിരുന്നിരിയ്ക്കണം - ഇരുട്ട് നല്ലവണ്ണം കനച്ചിട്ടുണ്ട്. വലതു വശത്ത് മൈതാനം അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അങ്ങോട്ട് ആകെ ഒരു പത്തു മീറ്ററേ എനിയ്ക്കു കാണാന്‍ തന്നെ പറ്റൂ - അതും റാന്തലിന്റെ അരണ്ട വെളിച്ചത്തില് - പിന്നീടങ്ങോട്ടുള്ള സ്ഥലം ടോര്‍ച്ച് അടിച്ചാല്‍ പോലും കാണാത്തത്ര ഇരുട്ടാണ്. ചീവീടുകളുടെ ശബ്ദം വന്നു തുടങ്ങി. ഏതോ ചാവാലിപ്പട്ടി അടുത്തെവിടെനിന്നോ ഓലിയിട്ടു. അതു കേട്ടാവണം അവിടുന്നും ഇവിടുന്നുമൊക്കെ വേറേ പട്ടികളും തുടങ്ങി. വവ്വാലുകളുടെ ചിറകടി ശബ്ദം കൂടിത്തുടങ്ങി. മൈതാനത്തിലെ അവസാന ‘സൊറയടിക്കൂട്ടവും’ സ്ഥലം വിട്ടുകഴിഞ്ഞു. (വികാരിയച്ചനും കപ്യാരും ഒക്കെ ഇടയ്ക്കിടെ വന്നു ‘ക്രമസമാധാനം’ നിരീക്ഷിച്ചിട്ടു പോകുന്നതു കാരണം പള്ളിമൈതാനം പൊതുവേ സുരക്ഷിതമാണ്. അതൊക്കെ ക്കൊണ്ടു തന്നെയാണ് ഞാന്‍ ഇരിപ്പു തുടര്‍ന്നിരുന്നതും.)

മേല്‍പ്പറഞ്ഞ 8:20 അടുപ്പിച്ച് എനിയ്ക്ക് മൈതാനത്തില് എന്തോ ഒരു സാന്നിധ്യം അനുഭവപ്പെട്ടു - ഒരു സൈക്കിക്ക് വൈബ്രേഷന്‍ പോലെ. ആരെങ്കിലും നമ്മളെ ത്തന്നെ കുറച്ചു നേരം നോക്കിയിരുന്നാല് ചിലപ്പോള്‍ നമ്മുക്ക് തോന്നില്ലേ “ആരോ എന്നെ ശ്രദ്ധിയ്ക്കുന്നു” എന്ന്..? അതു പോലെ! ആരോ ഒരാള്‍ കൂടി മൈതാനത്തില്‍ ഉണ്ട് എന്നെനിയ്ക്കു തോന്നിത്തുടങ്ങി, അയാള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും! ഞാന്‍ ചുറ്റും ഒന്നു നോക്കി - ഇരുട്ടിനപ്പുറം എന്തു കാണാനാ..? എന്നെ തന്നെ കാണാന്‍ പറ്റില്ല വേറേ ഒരാള്‍ക്ക് , ഇരുട്ടു കാരണം. പക്ഷേ, കാഴ്ച്ചയ്ക്കും കേള്‍വിയ്ക്കും അതീതമായ ഇന്ദ്രിയം എന്നോടു പറഞ്ഞു, “ഡാ, really… there is someone else here.. I know it!”. ധൈര്യം സ്വരൂപിച്ച് ഞാന് മനസ്സു ചൂണ്ടിക്കാട്ടിയ വശത്തോട്ടു നോക്കി - എന്റെ വലതു വശം, അതായതു മൈതാനത്തിന്റെ ഇരുട്ടു മൂടിക്കിടക്കുന്ന തെക്കുഭാഗം.

ഏകദേശം രണ്ടു മിനുട്ട് ഞാന്‍ അങ്ങോട്ടു തന്നെ നോക്കിയിരുന്നു - ഒന്നും കണ്ടില്ല, പക്ഷേ, ശ്വാസത്തിന്റെ താളവും, ഹൃദയത്തിന്റെ മിടിപ്പും അടുത്ത ഗിയറിലോട്ടു ചാടിയിരുന്നോ എന്നൊരു സംശയം. എന്നിട്ടും ജിജ്ജ്ഞാസ കാരണം അവിടെ തന്നെ ഇരുന്നു (curiosity killed the cat എന്നു ചുമ്മാതല്ല പറയുന്നേ) രണ്ടു മിനിട്ടു കഴിഞ്ഞ് ഒന്നും കാണാഞ്ഞിട്ട് ഞാന് തലതിരിച്ചു. പെട്ടന്ന് എനിയ്ക്ക് വീണ്ടും ആ സാന്നിധ്യം അനുഭവപ്പെട്ടു - എന്തോ അനങ്ങുന്ന പോലെയും തോന്നി. ഞാന്‍ വിണ്ടും തെക്കോട്ടു നോക്കി - അതെ.. എന്തോ ഒന്നുണ്ട് അവിടെ… ഇരുട്ടില്… ഏകദേശം നാലടി പൊക്കമുള്ള എന്തോ ഒന്ന്… ആ ഇരുട്ടിനിടയ്ക്ക് ഇത്തിരി കൂടി കനത്ത ഇരുട്ടു പോലെ ഒരു രൂപം… ഓടിനടക്കുന്നു… അങ്ങോട്ടും ഇങ്ങോട്ടുമാണ് ഓട്ടം… ഇന്ന ദിശയെന്നൊന്നുമില്ല… നല്ല വേഗവുമുണ്ട് - വല്ല പട്ടിയുമായിരിയ്ക്കുവോ..? പക്ഷേ പട്ടിയ്ക്കെങ്ങനാ നാലടി പൊക്കം..? പട്ടിയല്ല… നാലടിപ്പൊക്കമുള്ള, ഇത്ര വേഗതയുള്ള ഏതു ജന്തുവാണീശോയേ..? എന്റെ ഹൃദയമിടിപ്പു കൂടി… ഞാന്‍ പതുക്കെ എഴുന്നേറ്റു… ശ്വാ‍സമെടുക്കാന്‍ ഇത്തിരി പാട് തോന്നുന്നുണ്ടോ..?. പെട്ടന്ന്… എന്തോ കണ്ടിട്ടെന്ന പോലെ… ആ രൂപം, അവ്യക്തമായ ആ രൂപം… ഓട്ടം നിര്‍ത്തി… ഒന്നു നിന്നു… എന്നിട്ട് വീണ്ടും നീങ്ങാന്‍ തുടങ്ങി… എങ്ങോട്ടെന്നോ..? എന്റെ അടുത്തേയ്ക്ക്!!! വേഗത്തില്‍ - സിനിമകളില്‍ കണ്ടിട്ടുള്ള ചെന്നായ്ക്കളുടെ വേഗത്തില്‍…

എന്റെ survival instincts ഞെട്ടിയുണര്‍ന്നു - എന്തോ പ്രശമുണ്ട് - അപകടം - നിമിഷാര്‍ധം കൊണ്ട് adrenaline രക്തത്തില്‍ നിറഞ്ഞു കഴിഞ്ഞു - അടുത്ത നിമിഷത്തിന്റെ പകുതികൊണ്ട് ഞാന്‍ പരിസരം നിരീക്ഷിച്ചു - ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില് മനസ്സു രക്ഷപ്പെടാനുള്ള പദ്ധതിയുണ്ടാക്കുകയാണ് - CYMA-ടെ അരമതില്‍ - അതാണ് രക്ഷ - ഏകദേശം 5 മീറ്റര്‍ ഉണ്ട് അങ്ങോട്ട് - ഓടാം, എനിയ്ക്കു ചാടാവുന്നതേ ഉള്ളൂ അത്.. ചാടിയാല്‍ കതകില്‍ കൊട്ടി തുറപ്പിച്ച് അകത്തു കയറാം… മറ്റു മനുഷ്യരുണ്ടെങ്കില്‍ എന്താ കാര്യം എന്നു നോക്കാന്‍ ഒരു ധൈര്യവുമാവും - ഈ കണക്കുകൂട്ടലുകളൊക്കെ കണ്ണു ചിമ്മുന്ന വേഗത്തിലാണ് നടക്കുന്നത്. ഓട്ടം തുടങ്ങുന്നതിനു മുന്‍പ്, ആ നിമിഷത്തിന്റെ ബാക്കിപ്പകുതിയില് ഞാന്‍ വീണ്ടും ഒന്നു നോക്കി തെക്കോട്ട് - ആ രൂപം അടുത്തെത്തി - അത് റാന്തലിന്റെ അരണ്ട വെളിച്ചത്തിലേയ്ക്കു പ്രവേശിച്ചു - ഞാന്‍ ഒന്നു ഞെട്ടി, പിന്നെ ഒന്നാശ്വസിച്ചു !!!! - ഒരു കൊച്ചു പയ്യന്‍ !! ഏകദേശം ആറു വയസ്സ് പ്രായം. നിക്കറും ഷര്‍ട്ടും വേഷം! അവന്‍ എന്നെ നോക്കുന്നു - ഭാവമില്ലാതെ ! ശൂന്യമായ ഒരു നോട്ടം ! അതിനടുത്ത നിമിഷത്തിന്റെ ആദ്യ പകുതിയില് ഞാന്‍ വീണ്ടും വടക്കുള്ള അരമതിലിലോട്ടു നോക്കി. ബാക്കി പകുതിയില്, കണ്ടതു സത്യമാണോ എന്നുറപ്പിയ്ക്കാന്‍ തിരിച്ചു തെക്കോട്ടും - ആശ്വാസം ആ നിമിഷം വീണ്ടും ഞെട്ടലായി മാറി !! ആരുമില്ല ! അവന്‍ അപ്രത്യക്ഷം !! അവന്‍ നിന്നിരുന്ന സ്ഥലം ശൂന്യം !!!

ചിന്തിയ്ക്കാന്‍ നിന്നില്ല… എടുത്തോടി… അരമതിലു ചാടിയോടി… CYMA-ല് കേറാന്‍ നിന്നില്ല… റോഡിലോട്ടോടി, ഓടിയോടി പള്ളിമേടയ്ക്കടുത്തു ചെന്ന് സൈക്കിളില്‍ പിടിച്ചു. ഹൃദയമിടിപ്പ് ഒരുമാതിരി എന്‍ഫീള്‍ഡ് ബുള്ളറ്റിന്റെ പട പട പോലെ... ശ്വാസം കിട്ടുന്നില്ല, തുപ്പലിറക്കാന്‍ പറ്റുന്നില്ല. എന്തോ ഒന്നു മിന്നി… ചുറ്റും നോക്കി… ഒരു റ്റ്യൂബ് ലൈറ്റ് ആണ് - കറണ്ടു വന്നു.. വെളിച്ചം !!! ഞാന്‍ സൈക്കിളില്‍ കമിഴ്ന്നു കിടന്നു.

ഇത്തിരി നേരം കഴിഞ്ഞു… ഒന്നു ശാന്തമായി. പോക്കറ്റില് താക്കോലിനായി തപ്പി - പണ്ടാരം ഏതു പോക്കറ്റിലാ ഇട്ടേ… കിട്ടുന്നില്ലല്ലോ… കയ്യാണേല്‍ വിറവല് നിര്‍ത്തുന്നുമില്ല… രണ്ടു മൂന്നു മിനുട്ട് വിയത്ത്കുളിച്ച് തപ്പി അവസാനം കിട്ടീ താക്കോല്… അതിട്ട് സൈക്കിളിന്റെ പൂട്ടു തുറക്കാന്‍ വീണ്ടും ഒരു അഞ്ചു മിനുട്ട്. സൈക്കിളിലേറി… ചവുട്ടാന്‍ നോക്കിയിട്ട് കാലു തെന്നുന്നു… പെഡലേല് ഉറയ്ക്കുന്നില്ല… അവസാനം എങ്ങെനെയോ ചവുട്ടി… വീട്ടിലെത്തി... ആഞ്ഞ് ചവുട്ടിയതും, ബസ്സിനു വട്ടം ചാടിയതും, ഇടയ്ക്ക് മെറ്റലില് പാഞ്ഞു കേറി ഉരുണ്ടു വീണതും എല്ലാം ഒരു മായ പോലെ മാത്രം ഓര്‍മ്മ... വീട്ടില്‍ വന്നിട്ട് ഒന്നും മിണ്ടാതെ മുറിയില്‍ പോയി കുത്തിയിരുന്നു. വിയര്‍ത്തു നനഞ്ഞിരിയ്ക്കുന്നു… കുളിയ്ക്കാന്‍ പേടി - ഇനി സിനിമയിലും മറ്റും കാണുന്ന പോലെ അതെന്നെ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലോ..? കുളിമുറിയില് കേറി വാതിലടയ്ക്കുമ്പോള് അത് വാതിലിന്റെ പിന്നിലെങ്ങാനും ഉണ്ടെങ്കിലോ..? ആ ഭാവമില്ലാത്ത നോട്ടവുമായി???!!! ആ ശൂന്യാ‍മായ കണ്ണുകളുമായി അതെന്നെ നോക്കിയെങ്കിലോ..???!!! ഞാന്‍ അവിടെ തന്നെ ഇരുന്നു… പല്ലുകടിച്ചു പിടിച്ച്, കൊന്ത കൈയ്യില് ചുറ്റി, ഒരു ബൈബിള്‍ മാറോടടുക്കിപ്പിടിച്ച്, ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേയും’ ‘നന്മ നിറഞ്ഞ മറിയമേയും’ ചൊല്ലി ഞാന്‍ അവിടെ തന്നെയിരുന്നു… അമ്മ അത്താഴത്തിനു വിളിയ്ക്കുന്ന വരെ.

വാല്:
പിന്നീടൊരിയ്ക്കലും ഞാന് കറണ്ടു-കട്ട് വേളകളില് പ്രകൃതി സൌന്തര്യം ആസ്വദിയ്ക്കാന് ഏകാന്തസഞ്ചാരം നടത്തിയിട്ടില്ല. വീടിന്റെ ടെറസ്സില് തന്നെ ഇരുന്ന് ആ സംഗതി അങ്ങോട്ടു കഴിയ്ക്കും !! വേറേ ഒരു രീതിയില്‍ ചിന്തിച്ചാല്‍, ധൈര്യവും ഇത്തിരി കൂടി വിവരവും വെച്ച ശേഷം അതിനുള്ള ഒരു സന്ദര്‍ഭം ഒത്തു വന്നിട്ടില്ല എന്നും പറയാം… ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാം വീണ്ടും… ഒന്നൂടെ… അവന്‍ വീണ്ടും വന്നാലോ..? ഒരു പക്ഷേ, ഞാന്‍ അവിടെ ചെന്നിരുന്ന നാളുകളിലൊക്കെ അവന്‍ അവിടെ ഉണ്ടായിരുന്നിരുന്നതാണെങ്കിലോ..? ഒരു മൂലയ്ക്കു മാറി ഒന്നും മിണ്ടാതെ അവന്‍ എന്നെ നോക്കിയിരുന്നിരുന്നതാണെങ്കിലോ..? അവനെപ്പോലെ തന്നെ ഒരുത്തനാണെന്നു കരുതി ഒരു പക്ഷേ അന്ന് സൌഹൃദം കൂടാന്‍ വന്നതായിരുന്നെങ്കിലോ..? അന്ന് ഓടിപ്പോയ എന്നെ അവന്‍ ഇപ്പോഴും പ്രതീക്ഷിച്ചിരിപ്പുണ്ടെങ്കിലോ..? അവനെ ഒന്നൂടെ കണ്ടാല്‍ ഓടാതെ, ഒരു ‘Hi’ പറഞ്ഞു നോക്കിയാലോ..? ഒന്നു കൈ കൊടുത്ത് നോക്കിയാലോ..?

ഒന്നു നോക്കാം.. അല്ലേ..? :-)

21 comments:

 1. റ്റെഡിച്ചായന്‍November 29, 2006 at 10:52 PM

  ചങ്ങാതിമാരേ, ഒരു ചട്ടമ്പിക്കഥ കൂടെ ഇറക്കിയിട്ടുണ്ടേ... :-)
  “ചതിയ്ക്കാത്ത ചന്തു”-ല്‍ ലാല്‍ പറയുന്ന പോലെ... ഒരു ഹൊറര്‍ സ്‌റ്റൈലില്‍
  ;-)

  ReplyDelete
 2. അച്ചായാ..
  ഇതു വല്യ ചതിയായിപ്പോയി
  ഇവിടെ രാത്രി ഒരുമണി...ലൈറ്റില്ലേല്‍ കുറ്റാക്കൂരിരുട്ട്..

  മനുഷ്യനെ ഒരുമാതിരി പേടിപ്പിയ്ക്കരുത്..:)

  ഞാനീയിടയ്ക്ക് ഒരു ജപ്പാന്‍ ഹോളീവുഡ് പേടിപ്പടം കണ്ടിരുന്നു..അതുപോലെയുണ്ട്..

  തമാശ പറയ്യല്ല അപ്പുറത്തെ മുറിയീന്ന് ലവന്റെ കൂര്‍ക്കം വലി കേട്ടില്ലാരുന്നെങ്കില്‍ ..

  എനിയ്ക്കൊന്ന് മുള്ളാനും പോണൊല്ലോ ഭഗവാനേ...

  ReplyDelete
 3. റ്റെഡീ,
  നമ്മളാരാ 'സ്റ്റീഫന്‍ കിങ്ങോ'.
  ഇതു കൊണ്ടാ പറയണത്‌ നേരമിരുട്ടിയാ ഒറ്റക്ക്‌ മൈതാനത്തൊന്നും പോയി കണ്ണിക്കണ്ട 'ബീഡീം' ഒന്നും വലിച്ച്‌ ഇരിക്കരുത്‌.
  അച്ചായാ,മൈതാനത്ത്‌ എത്തിയ ശേഷമുള്ള സംഭവ വിവരണത്തിനു ആകാംഷ ഉണ്ടാക്കാന്‍ കഴിഞ്ഞു.

  ReplyDelete
 4. ചട്ടമ്പിയുടെ പേടിച്ചോട്ടം അസ്സലായി വിവരിച്ചിരിക്കുന്നു. ഇനി അവസ്സരമുണ്ടാകുമോ ഒന്നു കൂടി നോക്കുവാന്‍?.

  ReplyDelete
 5. ഇപ്പം ഈ പട്ടാപ്പപല് വെളീലൂടെപ്പോകുന്ന കാറിന്റേം ബസ്സിന്റേമൊക്കെ ശബ്ദം കേട്ടോണ്ട് വായിച്ചപ്പോ സാഹിത്യമൊക്കെ തെളിഞ്ഞു വന്നു:)
  ആ സൂപ്പര്‍ കമ്പ്യൂട്ടര്‍, അഡ്രിനാലിന്‍ ഷോട്ട്, പേടി യൊക്കെയുണ്ടല്ലോ അച്ചായാ..ക്ലാസ്സിക്കെന്നല്ലാതെയൊരു പേരില്ല

  പിന്മൊഴി നോക്കിയിരിയ്ക്കുന്നവരൊക്കെ വായിയ്കണമെങ്കില്‍ ഇരുട്ടും മുന്‍പ് വായിച്ചോളൂ
  ഞാന്‍ പറഞ്ഞില്ലെന്ന് പറയരുത്..

  ReplyDelete
 6. പാര്‍വതിNovember 30, 2006 at 3:09 PM

  നല്ല ഹൊറര്‍ തന്നെയാണല്ലോ, ഇത് പോലൊലെ കുറെ പടങ്ങള്‍ വ്യാഴാഴ്ച HBO(ഇവിടെ) വരും..

  അത് കണ്ടിട്ട് പിന്നെ ഒരു പരുങ്ങലായിരിക്കും..യ്യോ ഇന്ന് വ്യാഴാഴ്ച..

  -പാര്‍വതി.

  ReplyDelete
 7. ദില്‍ബാസുരന്‍November 30, 2006 at 3:17 PM

  എന്റെ റ്റെഡിച്ചായോ ഇതൊക്കെ എന്തോന്ന് അനുഫവം. ഞാനിപ്പ താമസിക്കുന്ന കമ്പനി അലക്കിപ്പോളി ഫ്ലാറ്റ് സ്റ്റ്രിക്ക്റ്റ്ലി ഫോര്‍ കന്തൂറ അറബീസ്. അതില്‍ ഞങ്ങള്‍ ബ്യാച്ചിലേഴ്സിന് ഓസി റേറ്റില്‍ കിണ്ണം കാച്ചി ഒരു ഫ്ലാറ്റ് തന്നിരിക്കുന്നു. എന്താ കാരണം? ഇതൊക്കെത്തന്നെ. അജ്ഞാതരാം സഹയാത്രികര്‍ വരും, പോകും,തോണ്ടും, കരയും, ചിരിയ്ക്കും, നല്ല മണമ്മുള്‍ല സ്പ്രേ അടിച്ച് വരും ഒറ്റയ്ക്കാണെങ്കില്‍ അടുത്ത് വന്നിരുന്ന് കമ്പനി തരും. കാണാന്‍ പറ്റിയിട്ടില്ല എന്നല്ല ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. നമ്മക്കെന്ത് പ്രേതം? കല്ലീ വല്ലീ. ഒരു ദിവസം എന്നെ പിന്മൊഴിയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായിക്കണ്ടാല്‍ മനസ്സിലാക്കിക്കോളൂ അനന്തതയില്‍ വിലയം പ്രാപിച്ചു കാണുമെന്ന്. :-(

  ReplyDelete
 8. റ്റെഡിച്ചായന്‍December 1, 2006 at 1:38 AM

  അംബിയേ, :-) ഇമ്മിണി ബല്യ ഒരു പുഞ്ചിരി.

  സാന്റോസേ, ബീഡിയോ... അയ്യേ... എന്തു ബീഡി... ഛേ ഛേ... :-)

  വേണുമാഷേ, ഒന്നു ശ്രമിച്ചു നോക്കാം... അല്ല... നാളെ ഇതു ഞാന്‍ പിള്ളേരോടൂ പറയുമ്പം അവരുടെ മുന്നില്‍ ഇമേജ് പോകരുതല്ലോ :-)

  പാര്‍‌വതീ, ഏതായിരുന്നൂ പടം ഇന്നലേ..? :-)

  ദില്‍ബൂ, ആമ്മേന്‍ :D

  ReplyDelete
 9. റ്റെഡിയേ, വല്ല ആവശ്യോമുണ്ടാരുന്നോ? ഒരു അരമണിക്കൂര്‍ കിട്ടുമ്പോ പുതപ്പും തല വഴി മൂടി സൈഡ് വാരം ചെരിഞ്ഞ് കാലിനിടയില്‍ കൈയും കേറ്റി കിടന്ന് ഉറങ്ങി അത്താഴം കഴിക്കാന്‍ ഫ്രഷായിട്ട് എണീക്കാനുള്ളേന്... :)

  വിവരണം അത്യുഗ്രന്‍ കേട്ടാ...

  ReplyDelete
 10. പൊന്നപ്പന്‍ - the AlienDecember 2, 2006 at 2:38 PM

  വേണ്ടാ.. വേണ്ടാ.. എന്റമ്മച്ചീ.. എനിക്കും മുള്ളാന്‍ പോണോല്ലോ..

  ReplyDelete
 11. അച്ചായോ അപ്പം വെക്കേഷനാണല്ലേ..ലാവിഷായടിച്ചു പൊളിയ്ക്കെന്റെ മാഷേ..:)

  പിന്നെ ഈ പള്ളി മൈതാനത്തൊന്നും പഴേപോലെ കറങ്ങി നടക്കുവൊന്നും വേണ്ട കേട്ടാ..:)

  ReplyDelete
 12. രാജു ഇരിങ്ങല്‍December 4, 2006 at 4:07 AM

  ചട്ടമ്പികഥകള്‍ വായിച്ചു. ചിരിപ്പിക്കുന്ന നല്ല ഹൊറര്‍ അല്ലേ റെഡിച്ചായാ....
  (ആശംസകളും പിറന്നാള്‍ പാട്ടും തന്നതിന് സ്നേഹത്തോടെ നന്ദി.)

  രാജു

  ReplyDelete
 13. എന്താ മാഷേ ഇത്? ഒരു ഡിസ്ക്ലേമറൊക്കെ വെച്ചൂടേ? (പേടിത്തൊണ്ടന്മാര്‍ വായിക്കരുതെന്നോ മറ്റോ? :))
  പേടിപ്പിച്ചുകളഞ്ഞല്ലോ!

  പിന്നെയ്, മലയാളം ഞാന്‍ അണിന്‍സ്റ്റാള്‍ ചെയ്തു കളഞ്ഞു. സഹിക്കാന്‍ പറ്റണില്ല!

  ReplyDelete
 14. റ്റെഡിച്ചായന്‍December 4, 2006 at 7:13 PM

  ഹിഹി :-) rp, പിറകിലോട്ടൊന്നു തിരിഞ്ഞു നോക്കിക്കേ... ;-) അതു പോലെ, മുഖം കഴുകിയിട്ട് നിവര്‍ക്കു നില്‍ക്കുമ്പോള്‍ കണ്ണാടിയില്‍ ഒരു രൂപം മിന്നിമറയുന്നുണ്ടോന്നു കൂടെ നോക്കണേ..? ;-)

  മലയാളം അണ്‍‌ഇന്‍സ്‌റ്റോള്‍ ചെയ്തു അല്ലേ :-) സാരമില്ല... ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു മനസ്സില്‍ കിടപ്പുണ്ടല്ലോ, അതു മതി :-) പിന്നെ, നമ്മളു ചൈനക്കാരെയും ജപ്പാന്‍ കാരെയും പോലെ ആ ഭാഷയില്‍ മാത്രം ഒതുങ്ങിക്കഴിയുന്നവരല്ലല്ലോ..? 15 വയസ്സാകുമ്പോള്‍ ഒരു ശരാശരി മലയാളി ചുരുങ്ങിയത് മൂന്നു ഭാഷയെങ്കിലും കൈകാര്യം ചെയ്യുന്ന പരുവത്തിലായിരിയ്ക്കും എന്നു ഞാന്‍ കരുതുന്നു - ഭാരതത്തില്‍ തന്നെ നമ്മള്‍ ഒരു കൂട്ടരേ അത്തരത്തില്‍ ഉള്ളൂ. അങ്ങനെയുള്ള നമ്മള്‍ക്ക് ഒരു വൈഡ് റേഞ്ച് ഓഫ് പോസിബിലിറ്റീസ് അല്ലേ ഉള്ളത്... എല്ലാം പരീക്ഷിച്ച് അറിഞ്ഞ് ഏറ്റവും നല്ലത് തന്നെ അനുഭവിയ്ക്കാനുള്ള ഒരു ഇത് :-)

  ReplyDelete
 15. നല്ല കാര്യായി, ഇനി നാട്ടില്‍ പോയി അതിന്റെ സത്യാവസ്ഥ എന്താണെന്ന് എഴുതാതെ വെറുതെ വിടുമെന്നു കരുതണ്ട. ചുമ്മാതെ ധൈര്യമില്ലാത്ത മനുഷ്യരെ(ഞാനല്ല) പേടിപ്പിക്കാന്‍ നോക്കുന്നോ?:)
  കറന്റുപോവുമ്പോള്‍ വല്ല അന്താക്ഷരിയും കളിച്ചിരിക്കാനുള്ളതിന് !!

  ReplyDelete
 16. റ്റെഡിച്ചായന്‍December 4, 2006 at 8:40 PM

  ബിന്ദുവേച്ചി അങ്ങനെ പറയരുത്... ഒറപ്പിക്കണനെമ്മൊക്കെ പറഞ്ഞാല്‍ വീണ്ടും അവിടെ പോകേണ്ടി വരില്ലേ...? അല്ല... പേടിയൊന്നുമുണ്ടായിട്ടല്ല.. പിന്നെ.... ആങ്... സമയമില്ലാഞ്ഞിട്ടാ... അതു തന്നെ.. സമയമില്ലാഞ്ഞിട്ടാ... അല്ലാതെ.. പേടിയോ.. എനിയ്‌ക്കോ..? ഛായ്.. ലജ്ജാവഹം !!

  ReplyDelete
 17. ട്ടെഡി കുട്ട്യേ,
  എനിക്ക് ടെഡീന്റെ പേരു കാണുമ്പൊ വീട്ടിലുള്ള ടെഡി ബേറുകളയെല്ലാം ഓര്‍മ്മ വരുന്നു. :)

  പിന്നേയ്, ജബാ ജബാ , ജബാ ജബാ ട്ടൊ :)

  ReplyDelete
 18. ദേവരാഗംDecember 4, 2006 at 9:15 PM

  റ്റെഡിഗഡിയുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായി വന്നതാ. നാളെ നാട്ടില്‍ പോകുമ്പോള്‍ ഒരു തനിയാവര്‍ത്തനം നടത്തിനോക്കുന്നോ?
  [പണ്ട്‌ ട്യൂഷന്‍ കഴിഞ്ഞ്‌ കൂട്ടമായി സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ഇംഗ്ലീഷുപള്ളീടെ സെമിത്തേരിയില്‍ ഒറാക്കിള്‍ ച്ഛെ, ഒരാള്‍ പറന്നു നടക്കുന്നു. ഠേന്ന് അവിടെന്ന് ഒരു വിടീല്‍ വിട്ടു. കുറേ പോയി കഴിഞ്ഞപ്പോ എല്ലാവനും ശകലം ധൈര്യം വന്നു. തിരിച്ചു പോയി നോക്കി. അവിടത്തെ അച്ചനോ മറ്റോ കുപ്പായം കഴുകി ഹാംഗറില്‍ ഇട്ട്‌ അഴയില്‍ തൂക്കിയിരുന്നത്‌ ശക്തിയായ കാറ്റില്‍ പറന്നു കളിക്കുന്നതായിരുന്നു സംഭവം. ]

  ReplyDelete
 19. റ്റെഡിച്ചായന്‍December 4, 2006 at 9:45 PM

  ഒന്നു പോ ഇഞ്ചിയേച്ചീ അവിടുന്ന്... ഈ ഇഞ്ചിയേച്ചീടെ ഒരു കാര്യം...
  ;-)

  ഫ്ലോറിഡേല്‍ ഇതിനു മാത്രം ബെയറുകളോ..? ഞാന്‍ കരുതി അവിടെ മൊത്തം ബാര്‍ബികളായിരിയ്ക്കുമെന്ന്.. ;-)

  ദേവേട്ടാ... താങ്ക്യൂ... :-) കയറിയിരുന്നാട്ടെ... കുടിയ്ക്കാന്‍...? :-) പിന്നേ... തനിയാവര്‍ത്തനം നടത്തണമെന്നുണ്ട്, പക്ഷേ, നാട്ടിപ്പോയി രണ്ടു ദിവസം കഴിഞ്ഞ് ഞാനിടുന്ന ബ്ലോഗുകളിലും കമന്റുകളിലും ഒക്കെ... “കുട്ടനു ബെശക്കുന്നു” “‘നിച്ചു പാലു ബേണം” എന്നൊക്കെയുള്ള കൊഞ്ചലുകളുടെ സ്പ്രേ അടിച്ചാല്‍... മനസ്സില്ലാക്കിക്കോളൂ ഞാന്‍ ഗഡിയെ കണ്ടൂ കഴിഞ്ഞൂന്ന് :-) ഗഡി എന്റെ കൂടെ അങ്ങ് കൂടീട്ടുണ്ടെന്ന്... ‘ന്റീശോയേ.. തിരിച്ചു ഓഫീസില്‍ വന്നിട്ട് ഇവിടെയുള്ള കീബോര്‍ഡും മൌസും ഒക്കെ വച്ച് അടുത്തുള്ള സായിപ്പുമാരെ കീയപ്പം ചുട്ടുകളിയ്ക്കാന്‍ വിളിച്ചാലാ സംഗതി ഗൌരവമാകാന്‍ പോണത്... ഇയ്യോ!!!

  ReplyDelete
 20. viswaprabha വിശ്വപ്രഭDecember 4, 2006 at 10:48 PM

  ദില്‍ബൂ,

  ആ സാധനം പിന്നെയും നിന്നെ തട്ടിവിളിച്ചോ?
  എന്തായാലും ആ കഥയും ഒന്നെഴുതിവിട് മാഷേ.
  (ചത്താലും ഈ അര്‍ബാബുകള്‍ നമ്മളോടുള്ള സ്നേഹം വിടില്ലാന്നു വെച്ചാലോ!)

  കരടിക്കുട്ടീ, ഇനി ആ കുരിശടിയില്‍ ഒറ്റയ്ക്കു പോണ്ടാട്ടോ. ചെക്കന്‍ ഇപ്പോ ഒത്ത ഒരാളായിട്ടുണ്ടാവും!

  എന്തായാലും വിവരണം ഒരു ഷെര്‍ലക്ക് ഹോംസ് സ്റ്റൈല്‍ ആയിട്ടുണ്ട്.

  ReplyDelete
 21. ആ ആദീനോട് അധികം സംസാരിക്കേം ചാറ്റേം ഒന്നും വേണ്ടാ. അതാണ് എപ്പളും ബാര്‍ബികളെ ഓര്‍മ്മ വരുന്നത്. :) ടെഡിക്കുട്ടി ഒരു നല്ല കുട്ടിയാണെന്ന് എനിക്കറിയാന്‍ മേലേ? :)

  qw_er_ty

  ReplyDelete