Wednesday, November 29, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 3 : ഭാര്‍‌ഗ്ഗവീമൈതാനം

“ലോഡ്‌ഷെഡ്ഡിങ്ങ്”!!!
ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടിലെ ഫാസ്റ്റ്പാസഞ്ചറു പോലെ വന്നും പോയും വന്നും പോയും ഇരിയ്ക്കുന്ന, “കറണ്ടു കട്ട്” എന്നു ‘പച്ച മലയാളത്തില്’ വിളിയ്ക്കപ്പെടുന്ന, ഒരു പക്ഷേ, ഓണത്തേക്കാള് കെങ്കേമമായി ജന്തു-ജാതി-മത-വര്‍‌ഗ്ഗ-വര്‍‌ണ്ണ-ലിംഗ-പ്രായഭേദമന്യേ എല്ലാ ജീവജാലങ്ങളും ആഘോഷിയ്ക്കുന്ന, കേരളത്തിന്റെ ദേശീയോത്സവം.!!!

പൂച്ചകള്‍ക്കു പാലു കട്ടു കുടിയ്ക്കാനുള്ള വേദിയും, ശ്വാനന്‍‌മാര്‍ക്കു തൊള്ള തുറന്ന് ഓലിയിടാനുള്ള അവസരവും, വവ്വാലുകള്‍ക്ക് കറണ്ടടിയ്ക്കുമെന്ന പേടിയില്ലാതെ സര്‍‌വ്വീസ് ലൈനില് ഞാന്നു കിടന്നു ലൈനടിയ്ക്കാനുള്ള വേദിയും ഒരുക്കിക്കൊടുക്കുന്ന ജീവകാരുണ്യ പ്രവൃത്തി! കത്തിയടിയ്ക്കാന്‍ കാര്‍ന്നോന്‍‌മാര്‍ക്കും, കുശുമ്പുകുത്താന്‍ ചേടിത്തിമാര്‍‌ക്കും, അടിയുണ്ടാക്കാന്‍ പിള്ളേര്‍ക്കും, ആരും കാണാതെ ഒരു ബീഡിപുകയ്ക്കാന്‍ പൊടിമീശപ്പയ്യന്‍‌‌സിനും അവസരമൊരുക്കിക്കൊടുക്കുന്ന, ചിലപ്പോള്‍ ഗന്ധര്‍വനും, യക്ഷിയും, കുട്ടിച്ചാത്തനും വരെ ഇറങ്ങുന്ന അദ്ഭുത വേള!!!

Wednesday, November 22, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 2 : നളചരിതം

ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നാണല്ലോ വേദവിധി. പക്ഷേ കലിയുഗസന്തതികള്‍ ഇതില്‍ പുതിയൊരെണ്ണം കൂടെ ചേര്‍ത്തിട്ടില്ലേ എന്നൊരു സംശയം - ‘ബ്രഹ്മാശ്രമം’ - ഇതില്‍ ഗുരുവില്‍ നിന്ന് വിദ്യയുമഭ്യസിച്ച് (പറ്റുമെങ്കില്‍ പുള്ളിക്കിട്ടൊരു കൊട്ടും കൊടുത്ത്) പുറത്തേ ലോകത്തേയ്ക്കിറങ്ങുന്ന നരവര്‍ഗ്ഗം, പെണ്ണും കെട്ടി കൂടും കുടിയുമാകുന്നതിനു മുന്‍പ്, അല്ലറ ചില്ലറ പണിയൊക്കെ ചെയ്ത് അരി വാങ്ങാനുള്ള കാശുമുണ്ടാക്കി, സ്വവര്‍ഗ്ഗത്തിലെ സഹചരന്മാരൊത്ത് സന്തതം സഹവസിയ്ക്കും സ്വര്‍ഗ്ഗം - ആങ്കലേയത്തില്‍ bachelorhood എന്ന ചെല്ലപ്പേരില്‍ ആഘോഷിയ്ക്കപ്പെടുന്ന ജീവിതഖാണ്ഡം!

പ്രസ്തുത ബ്രഹ്മാശ്രമത്തിലെ ഒരു പ്രധാന യോഗാഭ്യാസം ‘പാചകാസനം’. ബാല്യവും കൌമാരവും അമ്മയെയും പെങ്ങളെയും നമ്പിക്കഴിഞ്ഞതു മൂലം വെട്ടിവിഴുങ്ങാനല്ലാതെ, വെച്ചുവിളമ്പാന്‍ ആശ്രമവാസികള്‍ക്ക് ജ്ഞാനം ‘ബഹുകേമം’!!! ഈയുള്ളവന്റെ ബ്രഹ്മാശ്രമത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പാഠങ്ങളാണ് കഥയുടെ ഇതിവൃത്തം. മറ്റു കഥാപാത്രങ്ങള്‍: അനീഷ്ജി, ആല്‍ക്കോ (അഥവാ അനില്‍), മമ്മി (അഥവാ അരവിന്ദ് - ആശാന്‍ പുതച്ചു മൂടി കിടന്നുറങ്ങുന്നതു കണ്ടാല്‍ ഏതൊരു ഈജിപ്തുകാരനും തോന്നും ഇവന്‍ നമ്മടങ്ങ് ഒരു പിരമിഡില്‍ കിടക്കേണ്ടവനാണെന്ന്), സാത്താന്‍ (അഥവാ ബിരഞ്ജിത്ത് ).

Thursday, November 16, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 1 : യുവതുര്‍ക്കി

കുട്ടിനിക്കറും വള്ളിബനിയനുമിട്ടു സ്കൂട്ടറുകളിച്ചു നടന്നിരുന്ന പ്രായം. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ അയല്‍‌വക്കത്തുള്ള ഏതൊരു കൊച്ചിന്റേം കയ്യും പിടിച്ചു തുള്ളിച്ചാടി നടന്നിരുന്ന പ്രായം. മഴക്കാലത്തു നിറഞ്ഞു കവിയുന്ന പൊട്ടച്ചാലില്‍ മില്‍മാ കവറും കൊണ്ട് മീനിനെ പിടിയ്ക്കാന്‍ പോയിരുന്ന പ്രായം. പത്തല്‍‌ക്കമ്പുകൊണ്ട് കളിവീടുണ്ടാക്കി, അതിനു മുറ്റത്തിരുന്നു ഈസ്റ്റിടാതെ പൊന്തിച്ച മണ്ണപ്പം ചുട്ടു കളിച്ചിരുന്ന പ്രായം. ജോലികഴിഞ്ഞു വൈകുന്നേരം വിട്ടുസാധനങ്ങളും വാങ്ങി സൈക്കിളും ചവുട്ടി ക്ഷീണിച്ചുവരുന്ന അപ്പനെ കണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിരുന്ന പ്രായം. ഇടിമിന്നിത്തകര്‍ത്തു പെയ്യുന്ന കര്‍ക്കിടകരാവുകളില്‍ അപ്പനേം അമ്മയേം കെട്ടിപ്പിടിച്ച് അവരുടെ നടുക്കു കിടക്കുന്നതാണു സ്വര്‍ഗ്ഗത്തേക്കാള്‍ സുരക്ഷിതം എന്നറിഞ്ഞിരുന്ന പ്രായം. ഈ നിഷ്ക്കളങ്കതകള്‍ക്കിടയിലും, മുഖം നോക്കാതെ പ്രതികരിയ്ക്കാനൊരു തന്റേടമുണ്ടായിരുന്ന പ്രായം - ആറാം വയസ്സ് - ആലപ്പുഴ ബസ്‌സ്റ്റാന്റിനടുത്തുള്ള ‘മാതാ’ സ്കൂളില്‍, ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രായം ! ചട്ടമ്പി പ്രായം !!

സ്കൂളിന്റെ ഹെഡ്‌മിസ്ട്രസ്സാണു സിസ്റ്റര്‍ ഫെലിക്സ്; രണ്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിയ്ക്കുന്നതു ഷീബാ മിസ്സും. ഇവരാണു കഥയിലെ മറ്റു താരങ്ങള്‍. വേറേ രണ്ടു മൂന്ന് കാന്താരിവിത്തുകള്‍ കൂടെ ഉണ്ട്, പക്ഷേ ലവന്മാരുടെ പേര് ഓര്‍ക്കുന്നില്ല.

Tuesday, November 7, 2006

‘ജബ’യെന്ന പദത്തിനെന്തര്‍ത്ഥം

പണ്ട് പണ്ട്... അതായത് വളരെ പണ്ട് 1998-ല്‍, എഞ്ജിനീയറിംഗ് രണ്ടാം കൊല്ലം ഒഴപ്പിക്കൊണ്ടിരിക്കേ (സോറി - പഠിച്ചുകൊണ്ടിരിക്കേ), ഞാനൊരു പടം കണ്ടു - ‘പഞ്ചാബി ഹൌസ്’! അതിനു ശേഷം, ഇന്നു 2006-ലെ ഈ ദിവസം വരെ, ഞാനത് ചുരുങ്ങിയത് ഒരു ഇരുപത് തവണയെങ്കിലും കണ്ടൂ കാണും - ഇനിയും കാണും - എന്റെ കയ്യില്‍ അതിന്റെ DVD ഉണ്ട് (ഒര്‍ജിനലാ - പോലീസറിഞ്ഞാലും കുഴപ്പമില്ല).

ദിലീപേട്ടന്‍ സ്പാറിത്തള്ളി നിത്യഹരിതമാക്കിയ ഈ ചിത്രം, എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കാനിടയായത് അതിലെ ഒരു പ്രത്യേക “ഡയലോഗറ്റ് ” മൂലമാണ് - “ജബാ”! ദിലീപേട്ടന്റെ പ്രയോഗവും, അശോകേട്ടന്റെയും ഹനീഫിക്കാടെയും മറുപ്രയോഗങ്ങളും അന്നുതന്നെ ഹൃദയത്തിലെവിടെയോ “ഇതിവിടെത്തീരുന്നില്ല” എന്ന ഒരു ഫീലിംഗ് തന്നിരുന്നു. പക്ഷേ പിന്നീട് കുറേക്കാലത്തെയ്ക്ക് അതു കാര്യമായി ഒന്നും തലപൊക്കിയിരുന്നില്ല. പിന്നീട്, നാലു കൊല്ലവും ഉഴപ്പിക്കഴിഞ്ഞ് ആലപ്പുഴ, അടൂര്‍, ഭുബനേശ്വര്‍ വഴി ചെന്നൈ, ഡാലസ്സ് താണ്ടി ഇപ്പോള്‍ ഷിക്കാഗോയിലെത്തി നില്‍ക്കുന്ന ഈ ജീവിത വണ്ടിയില്‍ “ജബ” തിരിച്ചു കയറിയത് ചെന്നൈ ഇന്‍ഫോസിസിലെ സ്റ്റോപ്പിലാണ്. കാരണം അവിടെ വച്ചാണ് ഞാന്‍ “ജബകള്‍” എന്ന കൂട്ടരെ പരിചയപ്പെടുന്നത്.