Thursday, November 16, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 1 : യുവതുര്‍ക്കി

കുട്ടിനിക്കറും വള്ളിബനിയനുമിട്ടു സ്കൂട്ടറുകളിച്ചു നടന്നിരുന്ന പ്രായം. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ അയല്‍‌വക്കത്തുള്ള ഏതൊരു കൊച്ചിന്റേം കയ്യും പിടിച്ചു തുള്ളിച്ചാടി നടന്നിരുന്ന പ്രായം. മഴക്കാലത്തു നിറഞ്ഞു കവിയുന്ന പൊട്ടച്ചാലില്‍ മില്‍മാ കവറും കൊണ്ട് മീനിനെ പിടിയ്ക്കാന്‍ പോയിരുന്ന പ്രായം. പത്തല്‍‌ക്കമ്പുകൊണ്ട് കളിവീടുണ്ടാക്കി, അതിനു മുറ്റത്തിരുന്നു ഈസ്റ്റിടാതെ പൊന്തിച്ച മണ്ണപ്പം ചുട്ടു കളിച്ചിരുന്ന പ്രായം. ജോലികഴിഞ്ഞു വൈകുന്നേരം വിട്ടുസാധനങ്ങളും വാങ്ങി സൈക്കിളും ചവുട്ടി ക്ഷീണിച്ചുവരുന്ന അപ്പനെ കണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിരുന്ന പ്രായം. ഇടിമിന്നിത്തകര്‍ത്തു പെയ്യുന്ന കര്‍ക്കിടകരാവുകളില്‍ അപ്പനേം അമ്മയേം കെട്ടിപ്പിടിച്ച് അവരുടെ നടുക്കു കിടക്കുന്നതാണു സ്വര്‍ഗ്ഗത്തേക്കാള്‍ സുരക്ഷിതം എന്നറിഞ്ഞിരുന്ന പ്രായം. ഈ നിഷ്ക്കളങ്കതകള്‍ക്കിടയിലും, മുഖം നോക്കാതെ പ്രതികരിയ്ക്കാനൊരു തന്റേടമുണ്ടായിരുന്ന പ്രായം - ആറാം വയസ്സ് - ആലപ്പുഴ ബസ്‌സ്റ്റാന്റിനടുത്തുള്ള ‘മാതാ’ സ്കൂളില്‍, ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രായം ! ചട്ടമ്പി പ്രായം !!

സ്കൂളിന്റെ ഹെഡ്‌മിസ്ട്രസ്സാണു സിസ്റ്റര്‍ ഫെലിക്സ്; രണ്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിയ്ക്കുന്നതു ഷീബാ മിസ്സും. ഇവരാണു കഥയിലെ മറ്റു താരങ്ങള്‍. വേറേ രണ്ടു മൂന്ന് കാന്താരിവിത്തുകള്‍ കൂടെ ഉണ്ട്, പക്ഷേ ലവന്മാരുടെ പേര് ഓര്‍ക്കുന്നില്ല.


സംഭവദിവസത്തിന്റെ സെറ്റപ്പ് മറ്റു രണ്ടാം ക്ലാസ് ദിനങ്ങളില്‍ നിന്നൊന്നും വ്യത്യസ്തമായിരുന്നില്ല - നല്ല വെയിലുള്ള ഏതോ ഒരു മാസത്തിലെ ഏതോ ഒരു ദിവസം. ഉച്ചകഴിഞ്ഞ് ഉണ്ണിക്കുംഭയും തടവി ഒരലമ്പുമൂഡില്‍ ക്ലാസ്സിലിരിയ്ക്കുന്ന സമയം. ഷീബാ മിസ്സാണു പഠിപ്പിയ്ക്കുന്നത്. പഠനം അങ്ങു മുറുകി നില്‍ക്കവേ, എന്റെ അടുത്തിരിയ്ക്കുന്ന തടിയന്‍ കാന്താരിമുളകിനു ബോറടിച്ചു. അവന്‍ ആദ്യമൊക്കെ കയ്യും കാലും ചൊറിഞ്ഞു നോക്കി, ങേ-ഹേ - ബോറടി മാറുന്നില്ല. പിന്നെ അവന്‍ പുസ്തകത്തില്‍ ഒരു ആനയുടെ പടം വരച്ചു നോക്കി; രസം പോരാന്നു കരുതി ആനയ്ക്കു പിറകില്‍ ഒരു പാപ്പാനേം വരച്ചു; എന്നിട്ടും രസം തോന്നാഞ്ഞ് ആന പാപ്പാന്റെ തലയില്‍ പിണ്ടമിടുന്നതായും വരച്ചു. കുറച്ചു സമയം അതു നോക്കി ചിരിച്ചെങ്കിലും, പുള്ളിയ്ക്കു പിന്നേം ബോറടിച്ചു. എന്നെ ഒന്നു കുത്തിനോക്കി, പക്ഷേ, റബ്ബറിന്മേല്‍ എത്ര പെന്‍സില്‍ കുത്തി നിര്‍ത്താം എന്ന ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഞാന്‍ കുലുങ്ങിയില്ല - ആനക്കാര്യത്തിനിടയ്ക്കാണോ ചേനക്കാര്യം !

എന്നെ നമ്പിയിട്ടു കാര്യമില്ലെന്നു കണ്ട പ്രസ്തുത കാന്താരി തന്റെ അപ്പുറത്തെ വശത്ത് , മൂക്കില്‍ എത്ര ‘ആന’യുണ്ടെന്ന് ഗവേഷിച്ചോണ്ടിരുന്ന കാന്താരിയിലോട്ടു തിരിഞ്ഞു. ഈ രണ്ടാമത്തെ കാന്താരി ഒരു ‘ചിരിക്കുടുക്ക’യായിരുന്നു എന്നു ഞാന്‍ പ്രത്യേകം ബോധിപ്പിച്ചുകൊള്ളട്ടെ. ‘ചിരിക്കുടുക്കയെ’ കുടുക്കാനുള്ള വിദ്യ ഏതൊരു കാന്താരിയ്ക്കും അറിയാവുന്നതു പോലെ, നമ്മുടെ തടിയന്‍ കാന്താരിയ്ക്കും അറിയാമായിരുന്നു - അവന്‍ ‘കുടുക്കയുടെ’ ഇടുപ്പില്‍ ഒന്നു വിരലിട്ടിളക്കി - ഒരു ചെറിയ ഇക്കിള്‍-‌പ്രയോഗം ! സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതു പോലെ, ടാപ്പ് തുറന്നാല്‍ വെള്ളം വരുന്നതു പോലെ, ഗിയറിലിട്ടാല്‍ വണ്ടി മുന്നോട്ടുരുളുന്നതു പോലെ, ചിരിക്കുടുക്ക ഇളിപിരികൊണ്ടുകൊണ്ട് പൊട്ടിച്ചിരിച്ചു, എന്നിട്ട് നമ്മുടെ കാന്താരിയ്ക്കിട്ടൊരു തള്ളും വച്ചു കൊടുത്തു. തടിയന്‍ ബാലന്‍സു തെറ്റി എന്റെമേല്‍ ചരിഞ്ഞു, റബ്ബറില്‍ കുത്തിനിര്‍ത്തിയിരുന്ന പെന്‍സിലുകള്‍ കയ്യുകള്‍ തട്ടി നിലം പതിച്ചു, ബെഞ്ചിന്റെ അറ്റത്തിരുന്ന ഞാന്‍ മറിഞ്ഞും വീണു.

കോലാഹലമൊക്കെ കേട്ട്, വിണ്ടുകീറിയ പലക ബോര്‍ഡില്‍ ചോക്കു കൊണ്ട് കണക്കുപുരാണം രചിച്ചുകൊണ്ടിരുന്ന ഷിബാ മിസ്സ് തിരിഞ്ഞു നോക്കി. ആദ്യം കണ്ടത് നിലത്തൂന്ന് എഴുന്നേറ്റു വരുന്ന എന്നെ. പിന്നെ കണ്ടത് ഇളിപിരികൊള്ളുന്ന കുടുക്കയെ. പിന്നെയാ നയനങ്ങള്‍ ദര്‍ശിച്ചത് പഞ്ചപ്പാവം പോലെയിരിയ്ക്കുന്ന തടിയനെ. ടിപ്പു സുല്‍ത്താന്‍ വാളെടുത്തതു പോലെ, തന്റെ പുസ്തകക്കെട്ടില്‍ നിന്നും ഒരു സീല്‍ക്കാരത്തോടെ ചുരല്‍ വലിച്ചുരിയെടുത്ത് ഷീബാദേവി പാഞ്ഞെത്തി. “Stand up” അവരലറി - ആ ബെഞ്ചിലുണ്ടായിരുന്ന എല്ലാരോടും - തടിയനും, കുടുക്കയും, ഞാനും, പിന്നെ ഇതൊന്നും അറിയാതെ വായും പൊളിച്ച് ടീച്ചരെ പൂജിച്ചുകൊണ്ടിരുന്ന ഒരു പാവം പഠിപ്പിസ്റ്റ് പെണ്‍‌കൊച്ചിനോടും. “Stretch your hands” അവര്‍ വീണ്ടും അലറിക്കൊണ്ട് ചൂരല്‍ പൊക്കി. എന്റെ നിഷ്ക്കളങ്കമായ മനസ്സില്‍ ധര്‍മ്മരോഷം ആളിക്കത്തി - എന്താ സംഭവിച്ചത് എന്നൊരു ചോദ്യം, ആരാ കാരണം എന്നറിയാനൊരു ശ്രമം, ഒരു വിചാരണ, ഒരു തെളിവെടുപ്പ്, ഒരു സാക്ഷിവിസ്താരം - ഇതൊന്നുമില്ലാതെ, തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ഒരു നീചയക്ഷിയെയാണ് എന്റെ മുന്നില്‍ ഞാന്‍ കണ്ടത്. ഞാന്‍ വാപൊളിച്ചു - എവിടെ നിന്നു വന്നു എന്നെനിയ്ക്കറിയില്ല ഒരു ധൈര്യം - ധൈര്യമാണോ, തന്റേടമാണോ, അതോ മറ്റു മുതിര്‍ന്നവര്‍ പിന്നിടു വിശേഷിപ്പിച്ചതായ ‘അഹങ്കാരമാണോ’ ആ വികാരം എന്നെനിയ്ക്കറിയില്ല; പൊളിച്ച വായ് കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു : “മിസ്സേ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കാരണമില്ലാതെ എന്നെ തല്ലരുത്. തല്ലിയാല്‍ ഞാന്‍ എന്റെ അപ്പനെ വിളിച്ചോണ്ടു വരും”

അവര്‍ ഒരു നിമിഷം അന്ധാളിച്ചു. എന്നിട്ടു ബാക്കിയുള്ളവരോട് ഇരിയ്ക്കാന്‍ പറഞ്ഞു. എന്റെ വലതു കൈ വലിച്ചു നീട്ടിപ്പിടിച്ചു. ചുരല്‍ നാലഞ്ചു തവണ ഉയര്‍ന്നുതാണു. ഞാന്‍ കരഞ്ഞില്ല - അവരുടെ മുഖത്തേയ്ക്കു തന്നെ നോക്കിനിന്നു കണ്ണു പറിയ്ക്കാതെ. വേദന സഹിയ്ക്കാന്‍ വയ്യാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകി കുടുകുടെ. പ്രയോഗം കഴിഞ്ഞപ്പോള്‍ ഞാന്‍ കയ്യിലേയ്ക്കു നോക്കി - കരിനീലച്ചിരിയ്ക്കുന്നു, ഒന്നു രണ്ടു രക്തക്കുഴലുകല്‍ ബലൂണ്‍ പോലെ വീര്‍ത്തും ഇരിപ്പുണ്ട്. ഞാന്‍ വായ് തുറന്നില്ല, വീണ്ടും അവരുടെ തന്നെ മുഖത്തേയ്ക്കു നോക്കി. കലിതീരാതെ അവരെന്നോടലറി “Get out of my class”.

തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞാന്‍ മുറ്റത്തെ ചരലിലേയ്ക്കിറങ്ങി. അവിടെ കയ്യും കെട്ടി നിന്നു. ക്ലാസ്സില്‍ പൂര്‍ണ്ണ നിശ്ശബ്ദത - ഒരു മൊട്ടുപ്പിന്‍ വീണാല്‍ കേള്‍ക്കും - കുട്ടികളുടെ കണ്ണുകളെല്ലാം എന്റെമേല്‍ തന്നെ. രണ്ടു മിനുട്ട് ഒരു പ്രതിമ പോലെ നിന്ന ശേഷം ഷീബാദേവി അധ്യാപനത്തിലേയ്ക്കു മടങ്ങി.

പത്തു മിനുട്ട് കഴിഞ്ഞു കാണും, സിസ്റ്റര്‍ ഫെലിക്സ് തന്റെ റൌണ്ടിനെത്തി. പുറത്തുനില്‍ക്കുന്ന എന്നെ കണ്ട്, ചുരല്‍ തടവിക്കൊണ്ട് സിസ്റ്റര്‍ അരികില്‍ വന്നു. ചോദ്യം “Why are you outside?” ഞാന്‍ മിണ്ടിയില്ല - അകത്തേയ്ക്കു നോക്കുക മാത്രം ചെയ്തു. ഷീബാദേവി ഇറങ്ങിവന്ന് സിസ്റ്ററെ കാര്യം ധരിപ്പിച്ചു. സിസ്റ്റര്‍ എന്നെ നോക്കി. അടിച്ചോ എന്നെനിയ്ക്കോര്‍മ്മയില്ല, കാരണം മനസ്സ് ആകെ ഒന്നു മരവിച്ച സ്ഥിതിയിലായിരുന്നു. കാലിലൂടെ ഒരു റൊഡ്‌റോളര്‍ കയറിയിറങ്ങിയാലും ഒരു പക്ഷേ ഞാന്‍ അപ്പോള്‍ അറിയുമായിരുന്നില്ല. പോകുന്നതിനു മുന്‍പ് സിസ്റ്റര്‍ എന്നോടു പറഞ്ഞു “I want to meet your father tommorrow” (‘രോഗി ഇഛിച്ചതും, വൈദ്യന്‍ കല്പിച്ചതും’... പക്ഷേ...)

വീട്ടില്‍ ചെന്ന് അപ്പനോടും അമ്മയോടും കാര്യം ധരിപ്പിച്ചു. അപ്പന്റെ പ്രതികരണം എനിയ്ക്കു കൃത്യമായിട്ടോര്‍മ്മയില്ല. ആറുവയസ്സുള്ള ആദ്യജാതന്റെ ഇളംകയ്യിലെ ആ കരിനീല പതക്കം കണ്ട ശേഷം ഹൃദയം തകര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്തായാലും അപ്പന്‍ വന്നൂ പിറ്റേന്ന്. സിസ്റ്റര്‍ അപ്പനോട് സംസാരിയ്ക്കുകയും ചെയ്തു. സിസ്റ്റര്‍ക്കു സത്യം മനസ്സിലായിക്കാണും - പിള്ളമനസ്സില്‍ കള്ളമില്ലന്നല്ലേ - എന്തായാലും പിന്നീട് ഷീബാ മിസ്സ് എന്നെ ‘ശിക്ഷിച്ചതായി’ എനിയ്ക്കോര്‍മ്മയില്ല.

ചിലപ്പൊള്‍ തോന്നും, എന്നെക്കൊണ്ടു കഴിയുമോ, ഒരു ആറുവയസ്സുകാരനൊട് ഇങ്ങനെ പെരുമാറാന്‍..? അവന്‍ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും..? പക്ഷേ പിന്നീട്, ‘ആപേക്ഷിക സിദ്ധാന്തം’ എന്നോടു പറയും, “ഓ... അതിനെന്താ... നിനക്കു പറ്റില്ലാ എന്നു കരുതി, വേറേ ആ‍ര്‍ക്കും പറ്റിക്കൂടേ..? മദര്‍ തെരേസയെ പൊലെ ചെയ്യാന്‍ നിനക്കു പറ്റുവോ...? ഇല്ലല്ലോ..? വീരപ്പനെപ്പോലെ പറ്റുവോ..? ഇല്ലല്ലോ...? അതുപോലെ, ഇങ്ങനെ ചെയ്യാന്‍ പറ്റുന്നവരും ഉണ്ട്... നിനക്കു പറ്റില്ലായിരിയ്ക്കാം...”

ഉദയസൂര്യനെപ്പൊലെയും ദേവാലയങ്ങളിലെ കെടാവിളക്കുകള്‍ പോലെയും എന്നും എന്റെ മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു പിടി ഗുരുക്കന്‍‌മാര്‍ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. പക്ഷേ അതുപോലെതന്നെ ഒത്തിരി ഷീബമാരും കയറിയിറങ്ങിയിട്ടുണ്ട്, മറക്കാനാവാത്ത പല പാടുകളും തന്നു കൊണ്ട്. പല സംഭവങ്ങളും മറന്നുകഴിഞ്ഞിരിയ്ക്കുന്നു... പക്ഷേ എന്തൊ... ഇതു മാത്രം മായുന്നില്ല... ഒരു പക്ഷേ അതിങ്ങനെ കത്തിക്കിടക്കുമായിരിയ്ക്കും കാലാന്തരങ്ങളോളം... ഒരു പാഠമായി, ഒരു കനലായി, ഒരിയ്ക്കലും കെടാത്ത അഗ്നിയായി, ഒരു യുവതുര്‍ക്കിയുടെ ഓര്‍മ്മയായ് !

14 comments:

  1. റ്റെഡിച്ചായന്‍November 16, 2006 at 6:23 AM

    ജീവിതത്തിലെ കഴിഞ്ഞ് ഏടുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ‘ചട്ടമ്പിക്കഥകള്‍’ ആയി എഴുതിത്തുടങ്ങി. അതിലെ ആദ്യ കഥ ഇതാ - ‘യുവതുര്‍ക്കി’.

    തുടക്കം നാരങ്ങാവെള്ളം പോലെയാണെങ്കിലും, ഒടുക്കം പാവയ്ക്കാ നീരു പോലെയാവാം :-)

    ReplyDelete
  2. dആരാണു റ്റെഡിച്ചായന്‍ എന്നറിയാന്‍ കയറി വന്നതാണു ഞാന്‍.ചുമ്മാ പരിചയപ്പെടാന്‍.കൊടുകൈ.

    ReplyDelete
  3. റ്റെഡിച്ചായന്‍November 16, 2006 at 5:37 PM

    നമസ്കാരം സാന്റോ.. ഇതാ കൈ :-)

    ReplyDelete
  4. റ്റെഡിച്ചായന്‍,
    വിവരണം നന്നായതുകൊണ്ടാണല്ലോ ഞാന്‍ ഇങ്ങനെ എഴുതുന്നതു്.
    ഓര്‍മ്മകളുടെ ഒരു മഹാ സരണിയില്‍ ഞാനും ഒരു റ്റെഡിയെ വീണ്ടും ഓര്‍ക്കുന്നു.നാളെ നിന്‍റെ തന്തയുമായി ക്ലാസ്സില്‍ വന്നാല്‍ മതി.റ്റെഡി പറഞ്ഞ രംഗങ്ങള്‍ക്കു ശേഷം ചുവന്ന കൈപത്തിയുമായി വിളിച്ചുകൊണ്ടുവരുവാന്‍ ഒരു അച്ഛനില്ലാത്ത എന്‍റെ സുഹ്രുത്തു് പിന്നെ പഠിക്കാതെ ഒരു വിപ്ലവകാരിയുടെ വീര ചരമമടഞ്ഞതോര്‍ക്കുവാന്‍ ഈ കുറിപ്പിനു നന്ദി.

    ReplyDelete
  5. അച്ചായോ എനിയ്ക്കുനുണ്ടിങ്ങനത്തെ ഓര്‍മ്മകള്...
    കൈവിരല്‍ മുട്ടില്‍ സ്കേലുകൊണ്ടടി, കുനിച്ചു നിര്‍ത്തി ഒരുദിവസം നിര്‍ത്തല്‍, വെയിലത്ത് നിര്‍ത്തല്‍, റയനോള്‍ഡ്സ് പേനയുടെ ക്യാപ്പു കൂട്ടി ചെവിയില്‍ നുള്ളല്‍..(നല്ല പോലെ നുള്ളിയാല്‍ പിഞ്ച് ചെവികളാണേല്‍ ഒരു മാസം വേദന മായാതെ നില്‍ക്കും..)പിന്നെ ക്ലാസിക് ചൂരല്‍ പൊട്ടും വരെയടി..അച്ചന്മാറൊരു പുതിയ(പഴയ) ടെക്നിക്കും വികസിപ്പിച്ചെടുത്തിട്ടുണ്ട്..വയറ്റത്തു കെട്ടുന്ന കയറു കൊണ്ടടി..

    പിന്നെ വീട്ടിലെ അമ്മയെ കരയിപ്പിയ്ക്കാനും അച്ഛനെ ദേഷ്യപ്പെടുത്താനുമായി മാര്‍ക്കുകള്‍ കുറയ്ക്കല്‍..
    രാവിലെ വന്നാല്‍ സംസാരിച്ചതിന് ലീഡറേ വച്ച് പേരെഴുതല്‍..(അങ്ങനെ ചില സത്യസന്ധന്മാരുമുണ്ടായിരുന്നു ക്ലാസ്സില്‍..എത്ര കൂട്ടുകാരായാലും സത്യം മാത്രമേ ഞാന്‍ പറയൂ..ഞാന്‍ പേരെഴുതിക്കൊടുക്കും..

    അതിന് ചിലയിടങ്ങളില്‍ ചുണ്ട് ചേര്‍ത്ത് വച്ച് ക്ലിപ്പിടാറുണ്ടത്രേ..

    ഇതില്‍ പലതും എനിയ്ക്കു കിട്ടിയിട്ടില്ല..ഞാ‍നന്നൊരു പതുങ്ങനാരുന്നു..കൂട്ടുകാര്‍ക്ക് കിട്ടുന്നതിന് പോലും ഇത്ര വേദനയെങ്കില്‍..
    പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ പിള്ളേര്‍ ഒരു ദിവസമിത്തരമൊരു സാറിനെ വളഞ്ഞു വച്ച് തല്ലിയിട്ടുണ്ട്..അപ്പൊ എന്താവും സ്നേഹം അല്ലേ..നല്ലതു ചെയ്യുന്നവരേയും തല്ലും..

    .പക്ഷേ..ഇങ്ങേരുടെ കാര്യം എനിയ്ക്കു നേരിട്ടറിയാമാരുന്നു.

    ReplyDelete
  6. ദിവാ (ദിവാസ്വപ്നം)November 16, 2006 at 6:16 PM

    വൗ റ്റെഡീ !!

    ഓര്‍മ്മക്കുറിപ്പ്‌ വളരെ നന്നായിട്ടുണ്ട്‌. കോമഡിപോലെ ആദ്യം തോന്നിച്ചുവെങ്കിലും അവസാനം അടി കൊണ്ട സംഭവം വന്നപ്പോല്‍ എനിക്കും ചെറുതായി ഫീല്‍ ചെയ്തു.

    യുവതുര്‍ക്കി ഒരു സീരീസാക്കിയതില്‍ വളരെ സന്തോഷം. ഇനിയും പോരട്ടെ ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍.

    ഈ ചിക്കാഗോയില്‍ നിന്ന് എഴുതുന്ന ബ്ലോഗര്‍മാരെല്ലാം പുലികള്‍ ആണല്ലോന്ന് ഓര്‍ക്കുമ്പോള്‍ ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതകുഞ്ചാക്കോബോബനാകുന്നു. ആദ്യം സാക്ഷാല്‍ സിബു; പിന്നെ നമ്മുടെ പ്രിയപ്പെട്ട ആദി, ശാസ്ത്രീയസംഗീതത്തില്‍ നിപുണനായ രാമകൃഷ്ണന്‍, ഇപ്പോ ദാ റ്റെഡിയും.

    (ഇതൊന്നും പോരാഞ്ഞ്‌, മലയാളം ബ്ലൊഗിംഗിന്റെ അഭിമാന-ദീപ-സ്തംഭമായ ഞാനും... ഹോ !!!)

    (എന്റെ കാര്യം ഞാന്‍ ചുമ്മാ പറഞ്ഞതാണ്‍; ബൂലോഗരൊക്കെ എന്റെ കഴിവുകള്‍ മനസ്സിലാക്കുന്നതുവരെ ഞാനെങ്കിലും എന്നെയൊന്ന് പൊക്കിപ്പറയേണ്ടേ...)

    പിന്നെ, സ്കൂളിലെ കാര്യം പറഞ്ഞാല്‍, ഞാന്‍ പൊതുവേ കണ്‍ഫ്രണ്ടേഷന്‍ ഒഴിവാക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പുസ്തകപ്പുഴുവായിരുന്നതു കൊണ്ട്‌ എനിക്ക്‌ വളരെ വിരളമായിട്ടേ അടികിട്ടിയിട്ടുള്ളൂ. പിന്നെന്റമ്മ ടീച്ചറായിരുന്നതുകൊണ്ടും ബാക്കി കുട്ടികള്‍ ഉച്ചക്കഞ്ഞിയുള്ള ദിവസങ്ങളില്‍ മാത്രം സ്കൂളില്‍ വന്നിരുന്നതുകൊണ്ടും ഞാന്‍ അവിടെ മുറിമൂക്കന്‍ രാജാവായിരുന്നു.

    അപ്പോള്‍ വീണ്ടും കാണാം...

    ReplyDelete
  7. പാര്‍വതിNovember 16, 2006 at 6:53 PM

    പരിചയമുള്ള കഥ റ്റെഡി..എനിക്കും ഒരപ്പനുണ്ടായിരുന്നു, ഞാറ്റ് കണ്ടത്തില്‍ നിന്ന് കാലില്‍ ചേറ് മൊത്തം കഴുകി കളഞ്ഞില്ലെങ്കിലും ഞാന്‍ പരാതി പറയുന്ന വഴി സ്കൂളിലെത്തുന്ന, എന്നെ തല്ലുമെന്ന് പറയുന്ന ടീച്ചറിനെ രാജകുമാരിക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കാന്‍ തിരുവനന്തപുരത്തിന് പോവുന്ന അപ്പന്‍, ജീവിതത്തില്‍ ഞാന്‍ അഹങ്കരിച്ച സമയമായിരുന്നിരിക്കണം അത്..

    -പാര്‍വതി.

    ReplyDelete
  8. പുഴയോരംNovember 16, 2006 at 7:38 PM

    നന്നായി ടെഡ്ഡിച്ചായാ.. സമാ‍നാനുഭവങ്ങളുടെ ബാല്യകാലതിലേക്ക് ഒരു മടക്കം.. നന്ദി..

    ReplyDelete
  9. ഒരു രണ്ടാം ക്ലാസ്സുകാരനെ ശരിക്കും അങ്ങനെ തല്ലിയോ റ്റെഡിയേ ? എന്റെ മകളെ ആ സ്ഥാനത്തൊന്നോര്‍ത്തു നോക്കിയിട്ടു സഹിക്കാന്‍ പറ്റണില്ലാല്ലോ, റ്റെഡിയേ. ആ വള്ളിനിക്കറുകാരന്റെ മനസ്സിലെ നീറ്റല്‍ ഓര്‍ത്തു സങ്കടം തോന്നുന്നു.

    എന്റെ സ്കൂളിലൊക്കെ ഇങ്ങനെ തല്ലിയിരുന്നോ എന്നോര്‍ത്തിട്ട് ആകപ്പാടെ അല്‍‌ഷിമേഴ്സ് പിടിച്ച മാതിരി. ഒന്നുമോര്‍മ്മയില്ല. പൊതുവെ തല്ലു കൂടുതല്‍ ഇംഗ്ലീഷ് മീടിയങ്ങളിലാണോ ? ഏയ്, അങ്ങനെയൊന്നുമുണ്ടാവില്ലാല്ലേ ?

    ഷീബാ മിസ്സ് അന്നു രാവിലെ ഭര്‍ത്താവിനോടു തല്ലു പിടിച്ചിട്ടു വന്നതായിരിക്കുമെന്നോര്‍ത്താശ്വസിക്കൂ റ്റെഡീ. :)

    ReplyDelete
  10. റ്റെഡിച്ചായന്‍November 17, 2006 at 12:59 AM

    വേണൂ: നന്ദി. സുഹൃത്തിന്റെ അനുഭവം മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കി :-(

    അമ്പീ: (sigh) :-(

    ദിവാ: :o)

    പാര്‍‌വതീ: ആ വാക്യത്തിനു പിറകില്‍ ഒരു നൊമ്പരവും ഒളിഞ്ഞു കിടപ്പുണ്ടെന്നു തോന്നീ ഒരു നിമിഷം.

    പുഴയോരമേ: നന്ദി.

    കുട്ട്യേടത്തീ: ആങ്.. അങ്ങനെ തന്നെ ആശ്വസിയ്ക്കാം :-)
    പിന്നെ, ഹാനയെന്തായാലും ഈ നാട്ടിലായ സ്ഥിതിയ്ക്ക് വടിയേയും ചൂരലിനെയും ഒന്നും പേടിയ്ക്കേണ്ടല്ലോ :-) ( വിക്കിയിലൊന്നും എഴുതാതെ ബ്ലോഗില്‍ മാത്രം കുത്തിയിരുന്നാല്‍ മഞ്ജിത്ത് അവസാനം എന്റടുത്ത് ചൂരലെടുക്കും... ഞാന്‍ പയ്യെ അങ്ങോട്ടും ഒന്നു നോക്കട്ടെ ;-) )

    ReplyDelete
  11. ചട്ടമ്പിക്കഥ ഇഷ്ടപെട്ടു; ഓര്‍മ്മ വന്ന ഒരു സംഭവം.
    നാലാം ക്ലാസ്സിലോ മറ്റോ ടീച്ചര്‍ വരുന്നതിനു മുമ്പുള്ള ചിന്ന ഗ്യാപ്പ്. ടീച്ചര്‍ ക്ലാസ്സില്‍ വരുമ്പോള്‍ നല്ല ബഹളം. എല്ലാവരോടും എഴുന്നേറ്റു ചുണ്ടത്ത് വിരല്‍ വെച്ചു നിക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞു “ഇനി ഒരിക്കലും മിണ്ടാത്തവര്‍ ഇരുന്നോളാന്‍” പറഞ്ഞു. എല്ലാവരും ചാടിയിരുന്നു. ആ സെന്റന്‍സിലെ ലോജിക് ആലോചിച്ച ഞാന്‍ ഇരുന്നില്ല. പക്ഷേ, അഹങ്കാരിയായ എന്റെ സത്യസന്ധത എന്തോ ആര്‍ക്കുമെത്ര ഇഷ്ടപെട്ടില്ല. അങ്ങിനെയെങ്കില്‍ അവിടെ നില്‍ക്കട്ടെ എന്നുള്ള ടീച്ചറിന്റെ സമീപനത്തില്‍ ഉച്ച വരെ അങ്ങിനെ നിക്കേണ്ടി വന്നു. ഏതായാലും ഉച്ചഭക്ഷണത്തിനു പോകുന്നതിനു മുമ്പ് ഇരിക്കാനുള്ള അനുവാദം കിട്ടി. പിന്നീടോരിക്കലും എന്റെ സത്യസന്ധതയെ ബുദ്ധിമുട്ടിക്കാനായി അത്തരം ചോദ്യങ്ങളൊന്നും ടീച്ചര്‍ ചോദിച്ചില്ല.

    ReplyDelete
  12. അചയൊ,യുവതുര്‍ക്കിയെ എനിക്കു ഇഷ്ട്റ്റമായി. എനിക്കു പിന്നെ പണ്ടെ അമ്ലെഷ്യം ആയതു കൊണ്ടു പലതും ഓര്‍മയില്ല. പക്ഷെ ഇതു വായിചപ്പൊല്‍ നൊംബരങ്ങല്‍ ഒരുപാദനുഭവിച ഒരു കുരുന്നു മനസു എന്നില്‍ ഉനര്‍ന്നു.

    ഓര്‍ക്കാന്‍ ആഗ്രഹിക്കാത പലതും ഓര്‍മ്മവരുന്നു.കുരേയൊക്കെ നിനക്കും അരിയാമല്ലൊ..

    ഇങ്ങനെ കുരചു നീരുന്ന ഓര്‍മ്മകല്‍ മനസില്‍ മായതെ നില്‍കുന്നതിനാലാവാം , എന്നെ സ്നെഹിച ഒരുപാദു അധ്യപകരെ നന്ദിയൊദെ ഓര്‍തു സ്നെഹിക്കാന്‍ പറ്റുന്നു..

    ഞാന്‍ കുഞ്ഞായിരുന്നില്ലേ..അല്ലായിരുന്നെങ്കില്‍ നിന്നെ തല്ലിയാല്‍ ഞാന്‍ വെരുതെ ഇരിക്കുമൊ..

    സാരമില്ല മൊനു.. ഇങ്ങനെയൊക്കെ വരുംബൊല്‍ വിവരമുല്ല നമ്മല്‍ വേന്ദെ ക്ഷമിക്കാന്‍.

    ReplyDelete
  13. വിശാല മനസ്കന്‍November 17, 2006 at 6:26 PM

    “ഇടിമിന്നിത്തകര്‍ത്തു പെയ്യുന്ന കര്‍ക്കിടകരാവുകളില്‍ അപ്പനേം അമ്മയേം കെട്ടിപ്പിടിച്ച് അവരുടെ നടുക്കു കിടക്കുന്നതാണു സ്വര്‍ഗ്ഗത്തേക്കാള്‍ സുരക്ഷിതം എന്നറിഞ്ഞിരുന്ന പ്രായം“

    ഇത് ചങ്കില്‍ പാഞ്ഞുകയറിയെന്റെ ചുള്ളാ.
    പോസ്റ്റ് വളരെ നന്നായിട്ടുണ്ട്.

    (വീടിനടുത്ത് അപകടമരണങ്ങള്‍ വല്ലതും നടന്നാല്‍ ‍ ടിനേജ് പിന്നിട്ടിട്ടും രാത്രി ഞാന് നാണക്കേട് മറന്ന് ഈ സെറ്റപ്പില്‍ ചെന്ന് കിടക്കാറുണ്ട്... എന്താ ചെയ്യാ. ഉറക്കം വരണ്ടേ??)

    ReplyDelete
  14. കൊള്ളാം റ്റൊഡി ശ്ശോ അല്ല റ്റെഡി, പറഞ്ഞ് അങ്ങ് ശീലിച്ച് പോയി സോറി :-)
    സമാന അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്, ഈ പോസ്റ്റ് ഒരിക്കല്‍ കൂടി എന്നെ അതെല്ലാം ഓര്‍മ്മിപ്പിച്ചു...എനിക്കും എഴുതണം ചില ഇംഗ്ലീഷ് മീഡിയം ക്രൂരതകള്‍...

    ReplyDelete