Tuesday, September 25, 2007

പാഠങ്ങളും ക്ലേശങ്ങളും

ഞാന്‍ അവിടുത്തോടു പറഞ്ഞു: “എന്റെ ദൈവമേ, കുറച്ചുനാളായി ഞാന്‍ ഒരു പ്രത്യേക വിഷയത്തെപ്പറ്റി ധ്യാനിയ്ക്കുകയാണെന്ന് അങ്ങേയ്ക്കറിയാമല്ലോ, പക്ഷേ ഇതു വരെ അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ എനിയ്ക്കു സാധിച്ചിട്ടില്ല. എന്റെ ചിന്തയും ഗവേഷണങ്ങളും അപര്യാപ്തമായി എനിയ്ക്കു തോന്നുന്നു. അങ്ങാണല്ലോ ഈ വിഷയം എന്നോട് സൂചിപ്പിച്ചത്! ഞാന്‍ പഠിയ്ക്കണം എന്നു കരുതി തന്നെയാണല്ലോ അവിടുന്ന് അത് അവതരിപ്പിച്ചത്. ഞാന്‍ ഇതാ അപേക്ഷിയ്ക്കുന്നു, അവിടുന്നാണല്ലോ ഏറ്റവും പ്രഗത്ഭനായ ഗുരുവും, എല്ലാ ജ്ഞാനത്തിന്റെയും ഉറവിടവും! എനിയ്ക്ക് ഇതു ശരിയായി പറഞ്ഞു തരേണമേ!”

സുപരിചിതമായ സ്വരം ഞാന്‍ ശ്രവിച്ചു: “നീ ചോദിയ്ക്കുന്നതിന്റെ ആഴവും വ്യാപ്തിയും നീ അറിയുന്നല്ലോ, അല്ലേ?.ആ വിഷയം, ലഘുവായ ഒന്നല്ല, അത് അഭ്യസിയ്ക്കുക എന്നത് ലളിതമായ കാര്യവുമല്ല. എന്നാല്‍ എന്റെ സഹായം കൂടാതെ അത് പരിശീലിയ്ക്കാനും നിനക്കാവില്ല. ശരി, നീ എന്നോട് ചോദിച്ചതു കൊണ്ട് ഞാന്‍ നിന്നെ അത് അഭ്യസിപ്പിക്കാം. എന്നാല്‍, ഏതൊരു വിദ്യയും സ്വായത്തമാക്കു‌വാന്‍ സമര്‍പ്പണം ആവശ്യമാണ്, ക്ലേശങ്ങള്‍ സഹിയ്ക്കേണ്ടതുണ്ട്! അതിനു നീ തയ്യാറാണോ?”

ഞാന്‍ വിനയത്തോടെ മറുപടി നല്‍കി: “അങ്ങയുടെ വാക്കുകളുടെ പൊരുള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ആയിരിയ്ക്കുന്ന അവസ്ഥയില്‍ തുടരുവാന്‍ എനിയ്ക്ക് ക്ലേശങ്ങള്‍ ഒന്നും തന്നെ സഹിയ്ക്കേണ്ടതില്ല; പക്ഷേ, മുന്നേറുവാന്‍ അവ സഹിച്ചേ പറ്റൂ. എന്റെ ജീവിതം സഫലമാവുന്നത്, ഞാന്‍ മുന്നേറുമ്പോഴാണ്; ഞാന്‍ അറിവു നേടാന്‍ ആഗ്രഹിയ്ക്കുന്നു, അതാവശ്യപ്പെടുന്ന ക്ലേശങ്ങള്‍ സഹിയ്ക്കുവാന്‍ ഞാന്‍ തയ്യാറാണ്!”

അവിടുന്നു മൊഴിഞ്ഞു: “നന്ന്! ഈ നിമിഷം മുതല്‍, നിന്റെ പരിശീലനത്തിനായുള്ള എന്റെ പദ്ധതികള്‍ ചുരുളഴിയുന്നു, ഒരുങ്ങിക്കൊള്ളുക!”

ധ്യാനത്തിന്റെ ആ വേളയില്‍, അവിടുന്ന് എനിയ്ക്കു പാഠങ്ങള്‍ നല്‍കുവാന്‍ തുടങ്ങി. അടുത്ത പകല്‍ മുതല്‍, പറഞ്ഞു തന്ന കാര്യങ്ങള്‍ പരിശീലിപ്പിയ്ക്കുവാന്‍ പ്രശ്നങ്ങള്‍ നല്‍കിത്തുടങ്ങി. പാഠങ്ങള്‍ മറക്കാതിരിയ്ക്കുവാന്‍ അവ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തന്നുകൊണ്ടിരുന്നു. പാഠങ്ങള്‍ ഹൃദിസ്ഥമായോ എന്നറിയുവാന്‍ പരീക്ഷകളും നല്‍കി.

ദിവസങ്ങള്‍ കടന്നു നീങ്ങി. എന്റെ പാഠങ്ങളുടെ ഭാരം എന്നെ തളര്‍ത്തി, പരീക്ഷകള്‍ എന്നെ ചൂഴ്ന്നു!

ഒരു രാത്രി, ഞാന്‍ നെടുവീര്‍പ്പെട്ടു: “ദൈവമേ, ഇതു കഠിനം തന്നെ! പാഠങ്ങളുടെയും പരീക്ഷകളുടെയും ഭാരം എന്നെ തളര്‍ത്തുന്നു. എന്നെ സഹായിക്കേണമേ, എന്നെ രക്ഷിക്കേണമേ!”
അവിടുന്നു ശാന്തനായി മറുപടി നല്‍കി: “ഞാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നല്ലോ! ഓര്‍മ്മയില്ലേ?”
ഞാന്‍ ശിരസ്സു നമിച്ചു “ഉവ്വ്”
“ഞാനാണോ നിന്നെ നിര്‍ബന്ധിച്ചത്?”
“അല്ല”
“ഞാന്‍ ഇപ്പോഴും നിന്നെ നിര്‍ബന്ധിയ്ക്കുന്നുണ്ടോ?”
“ഇല്ല”
“നിനക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍‌മാറാം എന്നറിയില്ലേ?”
“അറിയാം”
“എന്നിട്ട്? നീ എന്തു തീരുമാനിക്കുന്നു? പാഠങ്ങള്‍ പകര്‍ന്ന് തരുന്നത് ഞാന്‍ തുടരണമോ?”

ഞാന്‍ ചിന്തിച്ചു, ഞാന്‍ മൗനമായിരുന്ന് ആത്മശോധന നടത്തി. എന്റെ മനസ്സിനെ ഞാന്‍ ശാന്തമാക്കി. ശാന്തമായപ്പോള്‍ അത് ശരിയായി ചിന്തിച്ചു.

ഞാന്‍ അവിടുത്തോടു പറഞ്ഞു: “എന്റെ ദൈവമേ, ഞാന്‍ വെറും മനുഷ്യനാണ്, ബലഹീനനാണ്! എന്റെ മാനുഷിക ബലഹീനത അങ്ങു ക്ഷമിയ്ക്കേണമേ! ഒരു നിമിഷം എന്റെ ശക്തി ചോര്‍ന്നുപോയി, പക്ഷേ, അങ്ങയുടെ ചോദ്യം എന്നെ വീണ്ടും ബലപ്പെടുത്തുന്നു. അങ്ങ് എന്റെ കൂടെ തന്നെയുണ്ടെന്നും, എനിയ്ക്കു ഉയര്‍ത്താന്‍ സാധിയ്ക്കാത്ത ഭാരം അങ്ങ് എന്റെ ചുമലുകളില്‍ നിക്ഷേപിയ്ക്കുകയില്ലെന്നു ഞാന്‍ അറിയുന്നു. എന്നെ ശക്തിപ്പെടുത്താനും, പ്രോത്സാഹിപ്പിക്കാനും അവിടുന്ന് എന്റെ അരികില്‍ ഉണ്ടെന്നും, അങ്ങേയ്ക്ക് എന്നെക്കുറിച്ചുള്ള പദ്ധതി എന്റെ നാശത്തിനല്ലെന്നും, എന്റെ നന്മയ്ക്കും, ക്ഷേമത്തിനും, ഐശ്വര്യത്തിനും, ശുഭമായ ഭാവിയ്ക്കും വേണ്ടിയാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. അങ്ങ എന്നെ ഉപേക്ഷിയ്ക്കരുതേ, എന്നെ അവിടുന്നു തുടര്‍ന്നും പഠിപ്പിക്കേണമേ! ഞാന്‍ അങ്ങയുടെ ശിഷ്യനാണ്, അങ്ങേയ്ക്ക് എന്റെമേലുള്ള പ്രതീക്ഷയ്ക്ക് ഞാന്‍ മങ്ങലേല്‍പ്പിയ്ക്കുകയില്ല!”

അവിടുന്നു മറുപടി നല്‍കി: “നന്ന്! ഇതാ, ഞാന്‍ പാഠങ്ങള്‍ തുടരുന്നു. ശക്തനായിരിയ്ക്കുക. ഇത് ഇനിയും കാലമേറെയെടുക്കും, സഹനത്തിന്റെയും പരീക്ഷയുടെയും തീച്ചൂളയില്‍ ഉരുക്കി നിന്നെ ഞാന്‍ രൂപപ്പെടുത്തും. നീ എന്നില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ട് നിന്നെ ഞാന്‍ നിലനിര്‍ത്തും! അവസാനം വരെ പിടിച്ചുനിന്നാല്‍ നിനക്കു നീ‍ ആഗ്രഹിച്ച അറിവു ലഭിയ്ക്കും!”

1 comment:

  1. “നന്ന്! ഇതാ, ഞാന്‍ പാഠങ്ങള്‍ തുടരുന്നു. ശക്തനായിരിയ്ക്കുക. ഇത് ഇനിയും കാലമേറെയെടുക്കും, സഹനത്തിന്റെയും പരീക്ഷയുടെയും തീച്ചൂളയില്‍ ഉരുക്കി നിന്നെ ഞാന്‍ രൂപപ്പെടുത്തും. നീ എന്നില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ട് നിന്നെ ഞാന്‍ നിലനിര്‍ത്തും! അവസാനം വരെ പിടിച്ചുനിന്നാല്‍ നിനക്കു നീ‍ ആഗ്രഹിച്ചതു ലഭിയ്ക്കും!“
    അതു തന്നെ...

    ReplyDelete