Sunday, September 23, 2007

അപ്പോ, ദ് എന്താന്ന്വച്ചാല്‍...

ഇന്ന് ഞായറാഴ്‌ച, പതിവു പോലെ എന്റെ പിള്ളേര്‍‌ക്ക് (അതായത്, ആലപ്പുഴ തത്തം‌പള്ളി സെയ്‌ന്റ് മൈക്കിള്‍‌സ് സണ്‍‌ഡേ സ്കൂളിലെ VIII A-ല് ഞാന്‍ പഠിപ്പിക്കുന്ന 31 കുട്ട്യോള് ) കഥകളും, അനുഭവങ്ങളും, ഉപമകളും, ടിപ്സ് & ട്രിക്‌സും ഒക്കെ ചേര്‍ത്ത ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോള്‍, അവരു ചോദിച്ചു, “സാറേ, സാറിന് ഇതെല്ലാം കൂടെ ചേര്‍ത്ത് ഒരു പുസ്തകം എഴുതിക്കൂടേ“. അതു ഞാന്‍ അന്നേരം “ബുഹുഹഹഹ” എന്നു ചിരിച്ചു തള്ളിയെങ്കിലും, ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഞാനും പിതാശ്രീയും (അതേ, നമ്മള്‍ ഫാമിലിയായിട്ട് ഈ പരിപാടി തന്നെ!) കൂടെ തിരിച്ചു വീട്ടിലേയ്ക്കു വരുന്നവഴി, ആ ചിന്ത വീണ്ടും ഒരു സീറോ വാട്ട് ബള്‍ബ് പോലെ കത്തി. വീട്ടിലെത്തി, മാതാശ്രീ ഊണു വിളമ്പി വച്ചപ്പോഴേയ്ക്കും അത് ഒരു ഹ‌ണ്‍‌ഡ്രഡ് വാട്ട് ബള്‍ബ് പോലെ പല്ലു കാട്ടി ചിരിച്ചു കഴിഞ്ഞിരുന്നു. പിന്നെ, എന്നെ അറിയാല്ലൊ... എന്തേലും ചെയ്യാന്‍ തോന്നിയാ പിന്നെ അതു ചെയ്തു തീര്‍ത്താലേ ഉറക്കം വരൂ. അപ്പോ, വൈകുന്നേരം തിരുവന്തോരം ബസ്സ് പിടിക്കുന്നതിനു മുമ്പ് ഒരു വഴിയ്ക്കെത്തിക്കണം! പക്ഷേ, പുസ്തകം ഇറക്കുക എന്നൊക്കെപ്പറയുന്നത് മെനക്കേട് ഏര്‍പ്പാടാണ്, വൈകുന്നേരം കൊണ്ട് എന്താ‍യാലും പറ്റില്ല; മാത്രമല്ല, പിന്നീട് എന്തേലും കൂടെ കൂട്ടിച്ചേര്‍ക്കാനും ബുദ്ധിമുട്ട്; പിന്നെ എന്താ ചെയ്ക? ആങ്!! ഒരു ബ്ലോഗായാലോ..? ശ്ശൊ! കര്‍ത്താവേ, വീണ്ടും ഒരു ബ്ലോഗോ?! ഇപ്പോളുള്ള നാലെണ്ണം തന്നെ ‘റൈറ്റേര്‍സ് ബ്ലോക്ക്’ കാരണം പൊടിപിടിച്ചു കിടപ്പാ കുറേ കാലമായിട്ട്! ആങ്.. സാരമില്ല... ഒരു വഴിയ്ക്കു പോകുവല്ലേ.. ഇരിയ്ക്കട്ടെ, ഒരെണ്ണം കൂടി.

അപ്പോ, മുകളില്‍ ചേര്‍ത്തിരിയ്ക്കുന്നതാണ് ഹിസ്റ്ററി - മലയാളത്തില്‍ പറഞ്ഞാല്‍ ‘ചരിത്രം’, ഹിന്ദിയില്‍ പറഞ്ഞാല്‍ ‘ഇതിഹാസ്’. ഇനി പറയാന്‍ പോകുന്നത്, ഇതിന്റെ ഉള്ളടക്കം...

അതായത്, ഞാന്‍ എന്റെ പിള്ളേരോട് എപ്പോഴും പറയും, ദൈവവുമായിട്ട് ഒരു പേഴ്‌സണല്‍ ബന്ധം സ്ഥാപിയ്ക്കണം ന്ന്. അല്ല, ചുമ്മാ നമ്പരിടുന്നതല്ലാട്ടോ... ഒള്ളതു തന്ന്യാ. കമ്യൂണിറ്റി ബന്ധവും വേണം, വ്യക്തിപരമായ ബന്ധവും വേണം - രണ്ടിന്റെയും പ്രസക്തിയും, ഊഷ്‌മളതയും, അനുഭവവും രണ്ടാണല്ലോ! ഉദാഹരണത്തിന്, നമ്മുക്കൊരു നല്ല സുഹൃത്തുണ്ടെന്നു വിചാരിക്കുക. പത്തുപേരുടെ കൂടെയിരുന്നു അദ്ദേഹവുമായി സംസാരിയ്ക്കുന്നതും, നിങ്ങള്‍ രണ്ടു പേരും മാത്രം ഇരുന്നു സംസാരിക്കുന്നതും ഒരേ രീതിയിലായിരിയ്ക്കുമോ? അല്ല... രണ്ടും രണ്ടു രീതിയിലാണ്, രണ്ടിന്റെയും പ്രമേയവും, ആസ്വാദനവും വ്യത്യസ്ഥവുമാണ്. അതു പോലെ തന്നെ ഇതും. കുടുംബ പ്രാര്‍ത്ഥന, സമൂഹപ്രാര്‍ത്ഥന, വി. കുര്‍‌ബാന, ഒക്കെ സമൂഹമായി നിന്ന് ദൈവവുമായി ഇടപഴകലാണ്. പക്ഷേ, അതുകൊണ്ടു മാത്രം ദൈവത്തെ പൂര്‍ണ്ണമായി അറിയാന്‍ സാധിയ്ക്കുകയില്ല. അതിന് അവിടുന്നുമായി നാം വ്യക്തിപരമായി ഇടപഴകേണ്ടിയിരിയ്ക്കുന്നു. ദൈവവുമായിട്ട് ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ, ദൈവത്തെ കൂടുതല്‍ അറിയാനും അടുക്കാനും, കസ്റ്റമൈസ്‌ഡ് ആയ ഒരു അനുഭവം ഉണ്ടാക്കിയെടുക്കാനും സാധിയ്ക്കും. ചുരുക്കിപ്പറഞ്ഞാല്‍, “ദൈവം ഉണ്ട്” എന്ന ‘തോന്നലില്‍‘ നിന്ന് “ദൈവം!!!” എന്ന ‘ബോധ്യത്തിലേയ്ക്ക്‘ കൈപിടിച്ചു നടത്തുന്ന ഒരു അനുഭവം. ഈ ബ്ലോഗിലെ പ്രധാന സംഗതിയും അതു തന്നെ - വര്‍ഷങ്ങളിലൂടെയുള്ള എന്റെ വ്യക്തിപരമായ ദൈവാനുഭവം ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു.

2 comments:

  1. Good start! Njanum chodikkan irikkukayayirnnu, oru pustakam ezhuthikkude ennu:)
    expecting an enlightenting post every sunday!

    ReplyDelete
  2. നല്ല കാര്യം. തോന്നലില്‍ നിന്നു ബോധ്യത്തിലേക്ക് നടത്തൂ.

    ReplyDelete