Monday, September 24, 2007

പരീക്ഷണങ്ങളും പ്രൊമോഷനും

ഞാന്‍ ചോദിച്ചു “ദൈവമേ, പരീക്ഷണങ്ങളെന്തിന്, അതിത്രയേറെ നീട്ടുന്നതെന്തിന്? ഇവ എന്തിനെന്നറിയാമെങ്കില്‍, ഒരു പക്ഷേ, എനിയ്ക്ക് പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയോട് സഹകരിക്കാമല്ലോ.”

സുപരിചിതമായ ഒരു സ്വരം ഞാന്‍ ശ്രവിച്ചു, ആ സ്വരം മന്ത്രിച്ചു : “നീ ചോദിച്ചു, ഇതാ ഞാന്‍ ഉത്തരം തരുന്നു... നീ കേള്‍ക്കുക. ഒരു കഥ ഞാന്‍ പറയാം.

ഒരിടത്തൊരിടത്ത് ഒരിയ്ക്കല്‍ മിടുക്കനായ ഒരു കുട്ടിയുണ്ടായിരുന്നു. സമയമായപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അവനെ വിദ്യ അഭ്യസിയ്ക്കാനായി ഗുരുവിന്റെ പക്കല്‍ കൊണ്ടുചെന്നാക്കി. ഗുരു ജ്ഞാനിയും ശിഷ്യവത്സലനും ആയിരുന്നു. തന്റെ മിടുക്കും നന്മയും ചുറുചുറുക്കും മൂലം കുട്ടി അധികം താമസിക്കാതെ ഗുരുവിന്റെ പ്രിയ ശിഷ്യനായി മാറി. ഗുരു അവനെ ഏറെ സ്നേഹിച്ചു. ഗുരുവിനെ സന്തോഷിപ്പിക്കുക എന്നത് അവന്റെ ഏറ്റവും വലിയ ലക്ഷ്യമായി മാറി.

ദിവസങ്ങള്‍ ആഴ്ചകളായി, ആഴ്ചകള്‍ മാസങ്ങളായി. ഗുരുകുലത്തിലെ പഠനം, ഏതാനും മാസങ്ങള്‍ക്കു ശേഷം കുട്ടിയ്ക്ക് വിരസമായി തോന്നിത്തുടങ്ങി. പഠനത്തിലുള്ള അവന്റെ ശ്രദ്ധ കുറയുവാനും, അവനില്‍ അലസത വളരുവാനും തുടങ്ങി. പക്ഷേ, ഗുരുവിനെ പ്രീതിപ്പെടുത്താനായി അവന്‍ തന്റെ കര്‍മ്മങ്ങള്‍ ചിട്ടയായി ചെയ്യുന്നതായും, നല്ലവണ്ണം പഠിയ്ക്കുന്നതായും അഭിനയിച്ചു പോന്നു. വത്സല ശിഷ്യനെ ഗുരു വിശ്വസിച്ചും പോന്നു.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഗുരു പ്രസ്താവിച്ചു, അടുത്ത ആഴ്ച, ഞാന്‍ നിങ്ങളെ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഞാന്‍ കൂടുതല്‍ ഗഹനമായ അറിവു പകര്‍ന്നു നല്‍കും, അവരെ പുതിയ വിദ്യകള്‍ അഭ്യസിപ്പിക്കുകയും ചെയ്യും. മാത്രമല്ല, വിജയിക്കുന്നവര്‍ക്ക്, അവരുടെ പ്രയത്നത്തിന്റെ പ്രതിഫലമായി ഒരു പാരിതോഷികവും നല്‍കൂന്നതായിരിയ്ക്കും.

എല്ലാ വിദ്യാര്‍ത്ഥികളും ആ ആഴ്ച പഠനത്തില്‍ മുഴുകി. നമ്മുടെ കഥാനായകനായ കുട്ടിയും പഠിയ്ക്കുവാന്‍ ശ്രമിച്ചു; പക്ഷേ അലസതയില്‍ മുങ്ങിപ്പോയിരുന്ന അവന് തിരിച്ചു വരവ് അത്ര എളുപ്പമല്ലായിരുന്നു. യഥാസമയങ്ങളില്‍ ചെയ്യേണ്ടിയിരുന്ന പാഠങ്ങള്‍ ചെയ്യാതിരുന്നതിനാല്‍ അവയെല്ലാം ഒരുമിച്ച് പഠിച്ചു കൂട്ടുവാന്‍ അവന്‍ നന്നേ ബദ്ധപ്പെട്ടു. അവസാനം, അവന്‍ ഇങ്ങനെ ചിന്തിച്ചു - ഞാന്‍ ഗുരുവിന് പ്രിയപ്പെട്ടവനാണ്; ഞാന്‍ ആവശ്യപ്പെട്ടാല്‍, അദ്ദേഹം എന്നെ സഹായിയ്ക്കും; ഒരു പക്ഷേ എന്നെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയേക്കും; ഒരു പക്ഷേ പരീക്ഷിച്ചാലും, ഉത്തരങ്ങള്‍ പറഞ്ഞു തന്ന് എന്നെ സഹായിയ്ക്കും. അതിനാല്‍ ഞാന്‍ വ്യര്‍ത്ഥമായി ഇപ്പോള്‍ അദ്ധ്വാനിക്കേണ്ടതില്ല, സമയമാകുമ്പോള്‍ എല്ലാം ശരിയാകും, ഞാന്‍ ഇപ്പോള്‍ ആനന്ദിക്കട്ടെ!

അങ്ങനെ പരീക്ഷയുടെ ദിനം വന്നെത്തി. ഗുരു എല്ലാവര്‍ക്കും ചോദ്യങ്ങള്‍ നല്‍കി. തന്റെ വത്സലശിഷ്യനെ അദ്ദേഹം ഉറ്റു നോക്കി. പക്ഷേ, ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന അവനെയാണ് അദ്ദേഹം കണ്ടത്.
അദ്ദേഹം അവന്റെ അടുത്തു ചെന്ന് സ്നേഹത്തോടെ ചോദിച്ചു - എന്തു പറ്റി? എന്താണു നീ പകച്ചു നില്‍ക്കുന്നത്? എന്റെ ശിഷ്യരില്‍ ഏറ്റം മിടുക്കനല്ലേ നീ, പഠനത്തില്‍ മുന്നില്‍ നിന്നവനല്ലേ നീ? എന്താ ഇങ്ങനെ?
അവന്‍ ദുഃഖം അഭിനയിച്ചു കൊണ്ട് ഗുരുവിനോടു പറഞ്ഞു - ഗുരോ എനിയ്ക്ക് ഉത്തരങ്ങള്‍ ഓര്‍മ്മ വരുന്നില്ല; ദയവായി അങ്ങ് എന്നെ ഈ പരീക്ഷയില്‍ നിന്ന് ഒഴിവാക്കാമോ? എന്നെ പരീക്ഷിക്കേണ്ടതില്ലല്ലോ, എന്നെ അങ്ങേയ്ക്കറിയില്ലേ?
ഗുരു ആശ്ചര്യത്തോടെ ചോദിച്ചു - എന്ത്? പാഠങ്ങള്‍ ശരിയായി ചെയ്തിരുന്ന നിനക്ക് അവ ഓര്‍മ്മ വരുന്നില്ലെന്നോ? അവിശ്വസനീയം! അതും, നീ നിന്നെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നോ? എന്തിന്? ഞാന്‍ നിന്നെ പഠിപ്പിച്ചതല്ലേ ഞാന്‍ ചോദിയ്ക്കുന്നത്? നിന്റെ കഴിവിനതീതമായതല്ലല്ലോ? അതു നീ പഠിച്ചിട്ടുണ്ടെങ്കില്‍, എന്നെ അതു ബോധ്യപ്പെടുത്തുക. അടുത്ത വിദ്യകള്‍ നിനക്ക് അഭ്യസിക്കണമെങ്കില്‍ ഈ പാഠങ്ങള്‍ അറിഞ്ഞേ തീരൂ!
കുട്ടി വീണ്ടും ദുഃഖം അഭിനയിച്ചു കൊണ്ടു പറഞ്ഞു - അയ്യോ അങ്ങ് അങ്ങനെ പറയല്ലേ; പരീക്ഷ ഒഴിവാക്കുവാന്‍ കഴിയില്ലെങ്കില്‍ എനിയ്ക്കു ദയവായി ഉത്തരങ്ങള്‍ പറഞ്ഞു തന്നു സഹായിക്കാമോ?
ഗുരുവിന്റെ മുഖത്തു രോഷം പടര്‍ന്നു: എന്ത്? നിന്റെ തെറ്റിനെ ന്യായീകരിക്കാനായി ഞാന്‍ അനീതി പ്രവര്‍ത്തിക്കണം എന്നു നീ ആവശ്യപ്പെടുകയാണോ?
ഗുരുവിന്റെ ഭാവമാറ്റം കണ്ട് കുട്ടി ആകെ ഭയന്നു. അവന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഗുരുവിന്റെ കാല്‍ക്കല്‍ വീണു; സത്യം ബോധിപ്പിച്ചു, ക്ഷമ ചോദിച്ചു.

ഗുരു ശാന്തനായി അവനോടൂ പറഞ്ഞു - നീ സത്യം പറഞ്ഞതു കൊണ്ടും, മാപ്പ് അപേക്ഷിച്ചതു കൊണ്ടും ഞാന്‍ നിന്നോടു ക്ഷമിയ്ക്കുന്നു. പക്ഷേ, അതുകൊണ്ടൊന്നും നിന്റെ പരീക്ഷ ഞാന്‍ ഒഴിവാക്കുകയില്ല. ഈ പരീക്ഷ നീ നേരിടേണ്ടതാണ്, അതിലൂടെ മാത്രമേ, നീ അടുത്ത തലത്തിനു യോഗ്യനാണെന്ന് എനിയ്ക്കു ബോധ്യമാവുകയുള്ളൂ, എന്നാലേ നിനക്കു പുതിയ വിദ്യകള്‍ പറഞ്ഞു തരാനാവുകയുള്ളൂ, മാത്രമല്ല, അതിലൂടെയേ നിനക്ക് ആത്മവിശ്വാസവും ശക്തിയും ലഭിയ്ക്കുകയുള്ളൂ.

നീ മനസ്തപിയ്ക്കുകയും, എന്നോട് സഹായം അപേക്ഷിയ്ക്കുകയും ചെയ്തതു കൊണ്ട് ഞാന്‍ നിന്നെ ശിക്ഷിച്ചു പുറത്താക്കുന്നില്ല; പകരം, ഞാന്‍ നിനക്ക് ഈ പരീക്ഷ നീട്ടിത്തരാം - നീ പോയി നിന്റെ പാഠങ്ങള്‍ പഠിച്ച്, തയ്യാറായി തിരിച്ചു വരിക; അതുവരെ നിനക്ക് പരീക്ഷാക്കാലം തന്നെ ആയിരിയ്ക്കും. നീ തയ്യാറായി വന്ന് ഈ പരീക്ഷയ്ക്കു വിധേയനായി ഇതില്‍ ജയിയ്ക്കുന്നതു വരെ ഞാന്‍ കാത്തിരിയ്ക്കാം, പക്ഷേ, നീ ഇതിനു വിധേയനായേ പറ്റൂ! അത് എന്തു കൊണ്ടാണെന്നു നിനക്കു മനസ്സിലായല്ലോ?

കുട്ടി തലകുലുക്കി”

ഞാനും!

4 comments:

  1. നല്ല പാഠം!
    :)

    ReplyDelete
  2. ഈ കഥ എനിക്ക് പ്രയോജനപ്പെട്ടു. കുറച്ചുദിവസങ്ങളായി ഇതേ ചോദ്യങ്ങള്‍ ദൈവത്തോടു ചോദിച്ചോണ്ടിരിക്കുവായിരുന്നു.

    നന്ദി.

    ReplyDelete
  3. വിഷ്ണു പ്രസാദ്September 24, 2007 at 4:46 PM

    ആരിദ്...തിരിച്ചുവന്നോ?

    ReplyDelete
  4. കുഞ്ഞന്‍September 24, 2007 at 8:32 PM

    റ്റെഡിച്ചായ.. നല്ല ഗുണപാഠമുള്ള കഥ..
    ഇപ്പോഴത്തെ ഗുരുവിനോട് ശിഷ്യന്‍ പറഞ്ഞിരിക്കും ഗുരൊ,ഞാന്‍ അങ്ങേയ്ക്കു ഒരു ഫുള്‍ മേടിച്ചു തരാം,അതു കേല്‍ക്കുന്നതിനുമുമ്പുതന്നെ ഗുരു പറഞ്ഞിട്ടുണ്ടാകും,ഒരു ഫുള്‍ കിട്ടിയാല്‍ നീ പരീക്ഷ പാസ്സായി..!

    ReplyDelete