Wednesday, September 26, 2007

അനന്തസ്നേഹത്തില്‍ ആശ്രയം തേടി...

പ്രശനങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ സാധാരണമാണ്. ഒട്ടു മിക്ക പ്രശ്നങ്ങളും നാം ദൈനംദിന കര്‍മ്മങ്ങള്‍ പോലെ പരിഹരിച്ചു പോരുന്നു... പക്ഷേ, ചിലപ്പോള്‍ ചിലവ വരുന്നു... നമ്മുക്കു പരിഹരിയ്ക്കാന്‍ പ്രയാസമുള്ളവ... അപ്പോഴാണു നാം പതറുക.

സുപരിചിതമായ ഒരു ശബ്ദം ഞാന്‍ കേട്ടു: “ഒരു ഉപമ ഞാന്‍ പറയാം, നീ കേള്‍ക്കുക.

മുറ്റത്തു ചിതറിക്കിടന്ന കുഞ്ഞു കല്ലുകള്‍ പെറുക്കിവച്ച് കളിയ്ക്കുകയായിരുന്നു, ഒരു അഞ്ചുവയസ്സുകാരന്‍. അവന്റെ കുഞ്ഞുകൈകളില്‍ ഒതുങ്ങുന്ന പാറക്കല്ലുകള്‍ അവന്‍ ഓടിനടന്നു പെറുക്കി. ഇത്തിരി സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന കുഞ്ഞു കല്ലുകള്‍ മുഴുവന്‍ തീര്‍ന്നു. അവന്റെ ദൃഷ്ടി, ഇത്തിരികൂടി വലിയ ഒരു കല്ലില്‍ പതിഞ്ഞു. അവന്‍ അതില്‍ കൈകള്‍ വച്ചു. ഒന്നു വലിച്ചു, പക്ഷേ, കല്ല് അനങ്ങിയില്ല, അത് അവന്റെ ശക്തിയ്ക്കതീതമായിരുന്നു. അവന്‍ പരാജയം സമ്മതിച്ചില്ല; വീണ്ടും വലിച്ചു നോക്കി. കൈ തെന്നി അവന്‍ മണ്ണില്‍ വീണു. പക്ഷേ, അവന്‍ വീണ്ടും എഴുന്നേറ്റു, ഉത്സാഹത്തോടെ അതില്‍ തള്ളി നോക്കി. കല്ല് വഴങ്ങിയില്ല. അവന്റെ മന്ദഹാസം മായാന്‍ തുടങ്ങി, പ്രസരിപ്പ് മറയാന്‍ തുടങ്ങി. അവര്‍ വീണ്ടും അതില്‍ തള്ളുകയും വലിയ്ക്കുകയും ചെയ്തു, കല്ല് തെല്ലും ചലിച്ചില്ല! അവന്റെ ഇളം കൈകള്‍ വേദനിച്ചു, പക്ഷേ, ശ്രമിച്ചിട്ടും സഫലമാകാതിരുന്ന ആ പ്രയത്നം അവന്റെ മനസ്സിനെ തളര്‍ത്തി, ആ കണ്ണുകളില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ അടര്‍ന്നു വീണു, അവന്‍ ചുറ്റും നോക്കി, ആരും അടുത്തില്ല, നിരാശ്രയനായി, നിസ്സഹായനായി അവന്‍ കരയുവാന്‍ തുടങ്ങി.

കരച്ചിലിന്റെ ശബ്ദം വീടിനുള്ളിലേയ്ക്കെത്തി. ശബ്ദം കേട്ട് കുഞ്ഞിന്റെ അപ്പന്‍ ഓടിയെത്തി. അവനെ വാരിയെടുത്ത് ആശ്വസിപ്പിച്ചു. കണ്ണുകള്‍ തുടച്ചു, എന്നിട്ട് ചോദിച്ചു: മോനെന്തിനാ കരഞ്ഞേ?കുഞ്ഞു തന്റെ വിരല്‍ പാറമേല്‍ ചൂണ്ടി. എന്നിട്ടു ഗദ്ഗദത്തോടെ പറഞ്ഞു: എനിയ്ക്ക് ആ കല്ല് പൊക്കാന്‍ പറ്റുന്നില്ല!അപ്പന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: അതിനെന്താ, നിനക്കു ഞാനില്ലേ? എനിയ്ക്കു ഒരു കൈ കൊണ്ട് പൊക്കാന്‍ പറ്റുന്ന വലിപ്പമല്ലേ അതിനുള്ളൂ? എന്റെ കാലിന്റെ വിരലുകള്‍ കൊണ്ട് എനിയ്ക്കതു മറിച്ചിടാന്‍ സാധിയ്ക്കില്ലേ? നിന്നെ ഈ ചെറിയ കാര്യത്തില്‍ ഒന്നു സഹായിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍, പിന്നെ ഞാന്‍ എന്തിന് ! നിന്റെ കഴിവിനതീതമാണ് ഈ കാര്യമെന്നു തെളിഞ്ഞപ്പോള്‍ എന്നെ ഒന്നു വിളിയ്ക്കാമായിരുന്നില്ലേ? ഒന്ന് ഉറക്കെ വിളിച്ചാല്‍ ഞാന്‍ ഓടി വരുമായിരുന്നില്ലേ?

കുഞ്ഞിന്റെ മുഖം വിടര്‍ന്നു. അവന്‍ പുഞ്ചിരിച്ചുകൊണ്ട് അപ്പന്റെ കെട്ടിപ്പിടിച്ചു, കവിള്‍ത്തടത്തില്‍ ഒരു മുത്തം സമ്മാനിച്ചു.
അപ്പന്‍ പുഞ്ചിരിച്ചു കൊണ്ട് ആ കല്ലെടുത്ത് അവന്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തു വെച്ചു.
അപ്പനും അവന്റെ കൂടെയിരുന്ന് അവനോടൊത്ത് ഉല്ലസിച്ചു.”

4 comments:

  1. കുഞ്ഞന്‍September 26, 2007 at 5:03 AM

    ദൈവമേ... കണ്ടോ തോന്നേണ്ടത് തോന്നിയാല്‍, ചെയ്യേണ്ടത് ചെയ്താല്‍...എല്ലാം ശുഭം


    നല്ല സാരാംശമുള്ള അനുഭവം..!

    ReplyDelete
  2. SAJAN | സാജന്‍September 27, 2007 at 1:37 PM

    താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഇന്നെലെയും ഇന്നുമായി വായിച്ചു തീര്‍ത്തു , ഒരു കാ‍ര്യം പറഞ്ഞാല്‍ വിഷമിക്കരുത്,
    അല്ലെങ്കിലും സത്യം പറയുന്നതിനെന്തിനാ വിഷമിക്കുന്നത് അല്ലേ, അപ്പൊ കാര്യം ഇത്രയേ ഉള്ളൂ, എന്റെ ഫേവറിറ്റ് ബ്ലോഗുകളില്‍ ഒന്നുകൂടേ കൂട്ടിച്ചേര്‍ത്തു, എല്ലാ ബ്ലോഗുകളും എല്ലാ പോസ്റ്റും ഒന്നിനൊന്ന് മെച്ചം എങ്കിലും ഒരു ദോഷം കാണുന്നുണ്ട് പോസ്റ്റുകള്‍ തമ്മില്‍ വല്ലാത്ത അകലം! ഇടക്ക് ഒരോ ചെറിയ പോസ്റ്റെങ്കിലും കൊടുത്തില്ലങ്കില്‍ ഈ ഹൈ ടെന്‍ഷന്‍ അപകടം ഉണ്ടാക്കാന്‍ സാധ്യത്യ്ണ്ട്:)

    ReplyDelete
  3. vayikkan adhyam bhudimutti..malayalam postings alle..pinne vayichu vannappol rasam thonni kollam...

    ReplyDelete
  4. Very fine......

    ReplyDelete