Wednesday, November 22, 2006

ചട്ടമ്പിക്കഥകള്‍ :: കഥ 2 : നളചരിതം

ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നാണല്ലോ വേദവിധി. പക്ഷേ കലിയുഗസന്തതികള്‍ ഇതില്‍ പുതിയൊരെണ്ണം കൂടെ ചേര്‍ത്തിട്ടില്ലേ എന്നൊരു സംശയം - ‘ബ്രഹ്മാശ്രമം’ - ഇതില്‍ ഗുരുവില്‍ നിന്ന് വിദ്യയുമഭ്യസിച്ച് (പറ്റുമെങ്കില്‍ പുള്ളിക്കിട്ടൊരു കൊട്ടും കൊടുത്ത്) പുറത്തേ ലോകത്തേയ്ക്കിറങ്ങുന്ന നരവര്‍ഗ്ഗം, പെണ്ണും കെട്ടി കൂടും കുടിയുമാകുന്നതിനു മുന്‍പ്, അല്ലറ ചില്ലറ പണിയൊക്കെ ചെയ്ത് അരി വാങ്ങാനുള്ള കാശുമുണ്ടാക്കി, സ്വവര്‍ഗ്ഗത്തിലെ സഹചരന്മാരൊത്ത് സന്തതം സഹവസിയ്ക്കും സ്വര്‍ഗ്ഗം - ആങ്കലേയത്തില്‍ bachelorhood എന്ന ചെല്ലപ്പേരില്‍ ആഘോഷിയ്ക്കപ്പെടുന്ന ജീവിതഖാണ്ഡം!

പ്രസ്തുത ബ്രഹ്മാശ്രമത്തിലെ ഒരു പ്രധാന യോഗാഭ്യാസം ‘പാചകാസനം’. ബാല്യവും കൌമാരവും അമ്മയെയും പെങ്ങളെയും നമ്പിക്കഴിഞ്ഞതു മൂലം വെട്ടിവിഴുങ്ങാനല്ലാതെ, വെച്ചുവിളമ്പാന്‍ ആശ്രമവാസികള്‍ക്ക് ജ്ഞാനം ‘ബഹുകേമം’!!! ഈയുള്ളവന്റെ ബ്രഹ്മാശ്രമത്തിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പാഠങ്ങളാണ് കഥയുടെ ഇതിവൃത്തം. മറ്റു കഥാപാത്രങ്ങള്‍: അനീഷ്ജി, ആല്‍ക്കോ (അഥവാ അനില്‍), മമ്മി (അഥവാ അരവിന്ദ് - ആശാന്‍ പുതച്ചു മൂടി കിടന്നുറങ്ങുന്നതു കണ്ടാല്‍ ഏതൊരു ഈജിപ്തുകാരനും തോന്നും ഇവന്‍ നമ്മടങ്ങ് ഒരു പിരമിഡില്‍ കിടക്കേണ്ടവനാണെന്ന്), സാത്താന്‍ (അഥവാ ബിരഞ്ജിത്ത് ).

പാഠം ഒന്ന്: മിന്നുന്നതെല്ലാം പൊന്നല്ല
ഫെബ്രുവരിയിലെ ഒരു തണുത്ത സായാഹ്നം. കമ്പ്യൂട്ടറില്‍ ജാവയും സീയും ഉലത്തി മടുത്ത് ആശ്രമത്തില്‍ വന്നു കയറിയ അന്തേവാസികള്‍ക്കു വിശപ്പ്. പുറത്താണെങ്കില്‍ നല്ല തണുപ്പ് - മഞ്ഞുകാലം മാറിവരുന്നതേയുള്ളൂ - പോയി എന്തെങ്കിലും വാങ്ങിവരാം എന്നു കരുതിയാല്‍ മടി വാനോളം. അവസാനം ഒത്തിരിയേറെ “നീ” “അല്ല നീ” “പോടാ അവന്‍” -കള്‍ക്കു ശേഷം എല്ലാരും കൂടി മമ്മീടെ നേരേ വിരല്‍ ചൂണ്ടി. രക്ഷയില്ലെന്നു കണ്ട മമ്മി പതിയെ ഏതോ പാചക സൈറ്റില്‍ പോയി “കൂട്ടുകറി”യ്ക്കുള്ള കുറിപ്പടി കണ്ടെത്തി; എന്നിട്ട് പതിയെ അടുക്കളയില്‍ കയറി കബോര്‍ഡ് എല്ലാം തുറന്നു പരിശോധിച്ചു. എന്തിനേറെ പറയുന്നൂ, അടുപ്പില്‍ നിന്ന് അധികം താമസിക്കാതെ തന്നെ പുകയുയര്‍ന്നു തുടങ്ങി. ഓ.. ഒരു കാര്യം പറയാന്‍ വിട്ടു പോയി - ഇതു മമ്മിയുടെ ജീവിതത്തിലെ ആദ്യപാചകം!

ഒരു പതിനഞ്ചു മിനുട്ടു കഴിഞ്ഞു കാണും. അടുക്കളയില്‍ നിന്ന് “ശ്ശെ” “എന്തോന്നിത്” “എന്തലമ്പാണ്” എന്നൊക്കെയുള്ള പുലമ്പലുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ജിജ്ഞാസ തോന്നി ആല്‍ക്കോ പതിയേ അടുക്കളയിലേയ്ക്ക് എത്തി നോക്കി. കണ്ടത്, ഒരു ജാറും സ്പൂണും കയ്യില്‍ പിടിച്ച് എട്ടും പൊട്ടും തിരിയാത്ത കുട്ടിയെപ്പോലെ നില്‍ക്കുന്ന മമ്മിയെ.
“എന്താടാ പ്രശ്നം?” ആല്‍ക്കോ ആരാഞ്ഞു.
“എടാ നീയൊന്നു ടേസ്റ്റ് ചെയ്തു നോക്കിക്കേ - ഇനി എന്റെ നാക്കിന്റെ പ്രശ്നമാണെങ്കിലോ! എത്ര ഉപ്പിട്ടിട്ടും ഒരു ഉപ്പുരസം തോന്നുന്നില്ല” വിഷണ്ണനായി മമ്മി മൊഴിഞ്ഞു.
“തന്നേ..?” ആല്‍ക്കോ ഒരു സ്പൂണിട്ട് ഒരിത്തിരി സ്വാദു നോക്കി “ശരിയാണല്ലോ! ഉപ്പില്ല! ഉപ്പില്ലെന്നു മാത്രമല്ല, ഭയങ്കര മധുരം”
ആല്‍ക്കോ സംശയത്തോടെ മമ്മിയെ നോക്കി.
ഒരു നിമിഷം ചിന്തിച്ച മമ്മി, പയ്യെ തന്റെ കയ്യിലിരുന്ന ജാറില്‍ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ അത് ഒരു സൈഡിലോട്ടൊതുക്കി. “ഇതു ഉപ്പല്ല അല്ലേ..?”
“വടക്കോട്ടൊക്കെ അതിന്റെ പേര്‍ എന്താണെന്നെനിയ്ക്കറിയില്ല, പക്ഷേ ഞങ്ങടങ്ങ് തെക്കോട്ടൊക്കെ ആ സാധനത്തിനു പഞ്ചസാര എന്നാ പറയുന്നെ!”
“സോറി.. വെളുത്തിരുന്നതു കണ്ടപ്പോ ഞാന്‍ കരുതി...”
“ഭാഗ്യം! മൈദാമാവെടുത്തിടാതിരുന്നത്!!!”

പാഠം രണ്ട്: വല്ലഭനു പുല്ലും വില്ല്
നറുക്കു വീണത് സാത്താന്. അറക്കാന്‍ കൊണ്ടു പോകുന്ന ആട്ടിന്‍‌കുട്ടിയേപ്പോലെ അവന്‍ അറച്ചറച്ച് അടുക്കളയിലേയ്ക്കു ചുവടുവച്ചു നീങ്ങുന്നത് “ഇന്നു ഞാന്‍ നാളെ നീ” എന്ന സത്യം മറന്ന് ഞങ്ങള്‍ പടക്കം പൊട്ടിച്ചാസ്വദിച്ചു. ഇതവന്റെയും കടിഞ്ഞൂല്‍ നളവൃത്തി.

അരമണിക്കൂറ് കഴിഞ്ഞു.
“ആങ്... ബാ... വന്നു വാരിത്തിന്ന്” സാത്താന്റെ ആജ്ഞ.
ബെല്ലടിച്ചാല്‍ ക്ലാസ്സില്‍ നിന്നിറങ്ങിയോടുന്ന കുട്ടികളേപ്പൊലെ, ഉറുള കണ്ടാല്‍ പാഞ്ഞടുക്കുന്ന കാക്കകളെ പോലെ, ഞങ്ങള്‍ അടുക്കളയിലേയ്ക്കോടി.
“എന്താണെന്നറിയില്ല... കറിയ്ക്ക് ഒരു സാധാരണ സ്വാദല്ല... പക്ഷേ കഴിയ്ക്കാം - ഞാന്‍ ഒന്നു ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ട്” സാത്താന്റെ മുന്‍‌കൂര്‍ ജാമ്യം.
“ഡേയ്... കൊല്ലുവോ നീ ഞങ്ങളേ” ഗൃഹസ്ഥാശ്രമം അടുത്ത അനീഷ്ജീയ്ക്കു വെപ്രാളം.
“ഏയ് കൊഴപ്പമൊന്നുമില്ല” സാത്തന്‍ വീണ്ടും ഒരു സ്പൂണ്‍ കറിയിലിറ്റൂ കോരിയെടുത്തു നക്കി നോക്കി. എന്നിട്ടു പുരികം ചുളിച്ചു. “ഇല്ലെന്നാ തോന്നുന്നേ”.
എടുത്ത പ്ലേറ്റുകള്‍ ഞങ്ങള്‍ താഴെ വച്ചു. എന്നിട്ടോരോരുത്തരായി കറിയുടെ സ്വാദു നോക്കി. എന്തോ ഒരു പ്രത്യേകത. പക്ഷേ കഴിയ്ക്കാന്‍ കൊള്ളില്ല എന്നൊന്നുമില്ല - അഡ്ജസ്റ്റ് ചെയ്യാം.
“നീ ഇത് ഉണ്ടാക്കിയ വിധം ഒന്നു പറഞ്ഞേ” അനീഷ്ജി ആരാഞ്ഞു.
ചോദ്യം ചെയ്യപ്പെടുന്ന അഞ്ചാം ക്ലാസ്സുകാരന്റെ മ്ലാനവദനത്തോടെ സാത്താന്‍ മൊഴിഞ്ഞു “പച്ചക്കറി ഒക്കെ അരിഞ്ഞു, ഇത്തിരി പുഴുങ്ങി. എന്നിട്ട് ആ പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകു വറുത്തു, പിന്നെ കുറച്ചു മസാലപ്പൊടിയൊക്കെ ഇട്ടു, എന്നിട്ട് ആ പച്ചക്കറി ഒക്കെ അതിലിട്ട് വെള്ളമുമൊഴിച്ച് ഇളക്കി”
“നോര്‍മ്മലാണല്ലോ” അനീഷ്ജി താടി ചൊറിഞ്ഞു. “ഏതൊക്കെ മസാലയാ നീ ഇട്ടേ..?”
“ദേ ഇരിയ്ക്കുന്നു - മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി”
അനീഷ്ജിയ്ക്ക് ആകെ വട്ടായി. ഒരുമാതിരി ഒരെത്തും പിടിയും കിട്ടാത്ത ഒരു ‘NullPointerException’ പോലെ ആ നവരസം ഞങ്ങളുടെ നാവുകളില്‍ താളംതല്ലി.
വീണ്ടും കറി ഒന്നു ടേസ്റ്റ് ചെയ്ത ശേഷം വളരെ യാദൃശ്ചികമായി, ചിന്തയ്ക്ക് ആക്കം കൂട്ടാന്‍, അടുത്തിരുന്ന ഒരു കുഞ്ഞു ജാറ് അനീഷ്ജി കയ്യിലെടുത്ത് ഉരുട്ടാന്‍ തുടങ്ങി.
സാത്തന്‍ ചിന്തിച്ചുകൊണ്ട് വീണ്ടും ചോദിച്ചു “ഇനി, കടുകിന്റെ പ്രശ്നമാണോ..? ഈ കറിയിലാണേല്‍ കടുകു പോലൊന്നും ഇപ്പോള്‍ കാണാനുമില്ല”
“ശരിയാണല്ലോ” അനീഷ്ജിയും അതു ശ്രദ്ധിച്ചു “എവിടേ കടുകിന്റെ ജാറ്”
“ദേ അനീഷിന്റെ കയ്യിലിരിയ്ക്കുന്നു” സാത്താന്‍ കൈ ചൂണ്ടി.
ഞങ്ങളെല്ലാരും ജാറിലോട്ടു നോക്കി - ഒന്നു ഞെട്ടി - ഒന്നു തരിച്ചു - ആകെ തളര്‍ന്നു - അനീഷ്ജീടെ കയ്യിലിരുന്നത്, ‘തെയില’ !!!

13 comments:

  1. റ്റെഡിച്ചായന്‍November 22, 2006 at 6:32 PM

    ഒരു ചിന്ന കഥയുണ്ടേ... :-)

    ReplyDelete
  2. ശ്ശൊ...ഇന്‍റ്റ്രൊഡക്ഷന്‍ വായിക്കാണ്ട് പോയി പാഠം ഒന്ന് വായിച്ചു! സ്വന്തം മമ്മിയെപറ്റിയാ ഈ എഴുതിയിരിക്കണേന്ന് തെറ്റിധരിച്ചു.
    നന്നായിട്ടുണ്ട്. ഇപ്പഴും ഇങ്ങനെയൊക്കെത്തന്നെയാണോ? അതോ അനുഭവങ്ങളീന്ന് വല്ലതും പഠിച്ചോ?

    ReplyDelete
  3. അച്ചായാ..ലാല്‍ സലാം
    കിടിലം..

    ഇതൊക്കെ സഹിയ്ക്കാം..പറ്റിപ്പോയതല്ലേ..ഏറ്റവും സഹിയ്ക്കാന്‍ പറ്റാത്തയൊന്നുണ്ട്..ഉപ്പ്മുളകാദികള്‍ കൂടിപ്പോകുന്നത്. കറിവേപ്പില നോക്കിയോ, തലതിരിഞ്ഞെഞ്ജിന്‍ പണിയോ ഒക്കെ വച്ച് ഒണ്ടാക്കുന്ന കൂട്ടാനുകളിലിപ്പോ പഹവാനേ ന്ന് വിളിച്ച് ഒറ്റയിടലാണ്..ഉപ്പ് കൂടിയാ കളയാം..അടിച്ച് കൊഞ്ചായിരിയ്ക്കുന്ന അവസ്ഥയിലെങ്ങാനുമല്‍പ്പം മുളക് കൂടിയാ അന്നേരം ഒന്നുമറിയില്ല..
    :)

    ReplyDelete
  4. സൂപ്പര്‍ അച്ചായാ, പഞ്ജസാര ഉപ്പു മാറിപ്പോകല്‍ കുറേ കേട്ടിരിക്കുന്നു..
    എന്നാല്‍, കടുകും തെയിലയും മാറിപോയതു നമുക്കു നന്നേ ബോധിച്ചിരിക്കുന്നു..ഓഫീസില്‍ ആനെന്നതു പോലും മറന്നു ചിരിചു പോയീ.എന്നിട്ടു ആ കറി കൂട്ടിയോ?.കൊള്ളാം...ഇനിയും പോരട്ടെ ഇത്തരം കഥകല്‍..

    ReplyDelete
  5. കടുകിനെ പകരം തേയിലയിടുകാന്നോക്കെ പറഞ്ഞാല്‍ ഞാനൊക്കെയെത്ര ഭേദം

    ReplyDelete
  6. kaithamullu - കൈതമുള്ള്November 23, 2006 at 8:24 AM

    ഒന്നറിഞ്ഞാല്‍ കൊള്ളാം,ഈ നളന്മാര്‍ ഒന്നിച്ചെപ്പൊഴെങ്കിലും അടുക്കളയില്‍ കയറിയിട്ടുണ്ടോ?

    -ആസ്വദിച്ചു, തേയിലയിട്ട പച്ചക്കറി പോലെ,
    പഞ്ചാരയിട്ട കൂട്ടുകറി പോലെ!

    ReplyDelete
  7. നളന്മാര്‍ പൊടിപൊടിക്കുന്നു അല്ലേ? :)

    ReplyDelete
  8. പാര്‍വതിNovember 23, 2006 at 12:16 PM

    അങ്ങനെയൊക്കെയല്ലേ പാചകം പഠിക്കുക...പിന്നല്ലാണ്ട് ;-)

    -പാര്‍വതി.

    ReplyDelete
  9. റ്റെഡിച്ചായന്‍November 23, 2006 at 6:05 PM

    rpയേ, :-) നമ്മളിപ്പോഴും പാചകമാകുന്ന മഹാസമുദ്രത്തിന്റെ കരയില്‍ തന്നെ! പിന്നെ, അതില്‍ മുങ്ങിക്കളിയ്ക്കുന്ന ഏതെങ്കിലും മീനിനെ ചൂണ്ടയിട്ടു പിടിച്ചു രക്ഷപെടാം എന്നു സ്വപ്നം കണ്ടൂ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു ;-)

    അംബിയേ, അതന്നേ!!! ;-) പിന്നെ, ഇതിലൊരു മച്ചാന്‍ ഒരിയ്ക്കല്‍ ചായയിട്ടു - അഥവാ, അവന്‍ ഒരു ദ്രാവകം ഉണ്ടാക്കി ഞങ്ങള്‍ക്കു ചായ എന്ന പേരില്‍ തന്നു എന്നു വേണം പറയാന്‍ - പിന്നെ, വളര്‍ന്നു വരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കണമല്ലോ എന്നു കരുതി, “എങ്ങനുണ്ട് എന്റെ ചായ” എന്ന അവന്റെ ചോദ്യത്തിനു ആല്‍ക്കോ പറഞ്ഞു “കൊള്ളാം നല്ല ചൂടുണ്ട്” ;-)

    റ്റെസിമോളേ, :-)

    സിജൂ, ഞാനും ;-)

    കൈതമുള്ളേ, ആളുകൂടിയാല്‍ പാമ്പു ചാകില്ല എന്നല്ലേ ;-) വെറുതേ പാമ്പിനെ കൊന്ന് ആ പാപഭാരം ചുമക്കേണ്ടല്ലോ എന്നു കരുതി ആ പരിപാടിയ്ക്കു ഇതു വരെ പോയിട്ടില്ല :D

    സുവേച്ചീ, ഒറപ്പല്ലേ !! ;-)

    പാര്‍‌വതീ, പിന്നല്ലാണ്ട് ! ആദ്യത്തെ ദിവസം തന്നെ rp-യെ പോലെ അങ്ങു കിടിലമാകാന്‍ പറ്റുവോ..? ആങ്... എന്റെ പുളിച്ചിയും പൂക്കും... ഞാനും പുളിങ്കറി വയ്ക്കും ;-)

    ReplyDelete
  10. റ്റെഡീ,
    മാഷിനു അങ്ങു ദൂര നാട്ടില്‍ നിന്നും നമ്പര്‍ ഇറക്കിയാല്‍ മാത്രം മതി.ചിരിക്കേണ്ടവര്‍ ഞങ്ങളാണു.
    ഞാനാണെങ്കില്‍ ആശുപത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റതേ ഒള്ളൂ.
    അലക്ക്‌ കുണ്ടാ,കാലില്‍ പ്ലാസ്റ്റര്‍ ആണെങ്കിലും ഞാനും പുറകേ.

    ReplyDelete
  11. റ്റെഡിച്ചായന്‍November 23, 2006 at 6:23 PM

    സാന്റോസേ, :-)
    ആമാ, എന്നാച്ച് ഉങ്കളുടെ കാലുക്ക്..? ബെന്നി 'അലക്കി'യിട്ടാറാ..? ;-)

    ReplyDelete
  12. ഹും ഇവിടെ ബാങ്ളൊരിലും സ്തിതി അതൊക്ക്കെ തന്നെ .. പൊടിയൊക്കെ മാറ്റിയിടുന്നതിനു പകരം കറി കരിയുകയനെന്നു മത്രമേയുള്ളു വ്യത്യാസം ..
    nize 2 c ur blogZ

    ReplyDelete
  13. നമ്മുടെ വീട്ടില്‍ നടന്ന കഥകള്‍ മതിയലോടാ ഒരു പുസ്തകം ഇറക്കാമല്ലോ....

    just catching up on ur blog now :-)

    ReplyDelete